കരുവാരകുണ്ട്: മുസ്ലീം ലീഗ് ഭരിക്കുന്ന കരുവാരകുണ്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ 21ന് വോട്ടെടുപ്പ് നടക്കും.
രാവിലെ 10ന് പ്രസിഡന്റിനും രണ്ടിന് വൈസ് പ്രസിഡന്റിനും എതിരെയുള്ള പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
പഞ്ചായത്തില്‍ ആകെയുള്ള 21 അംഗങ്ങളില്‍ മുസ്ലീം ലീഗ് ഒന്‍പത്, കോണ്‍ഗ്രസ് ഏഴ്, ഇടതുമുന്നണി അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡന്റ് പദവി കൈമാറുന്നത് സംബന്ധിച്ച് ധാരണയിലെത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബന്ധം തകര്‍ന്നിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും വെവ്വേറെയാണ് മത്സരിച്ചത്. യുഡിഎഫ് ബന്ധം പുനഃസ്ഥാപിക്കാന്‍ ജില്ലാ നേതൃത്വം നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല.
കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചാലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ലീഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെയും സിപിഎം പിന്തുണച്ചിരുന്നു.
എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് തനിച്ചായി.അന്ന് വീണ്ടും ലീഗിന് തന്നെ പ്രസിഡന്റ് പദവി ലഭിച്ചു. ഇത്തവണയും സിപിഎം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമോയെന്നു വ്യക്തമല്ല.
സിപിഎം സ്വതന്ത്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് പിന്തുണ നല്കാന് ചില നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: