മലപ്പുറം: കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്ഫോടനം നടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി യുഎപിഎ സ്പെഷ്യല്‍ കോടതി ഈ മാസം 21ന് പരിഗണിക്കും. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റില്‍ കഴിയുന്ന തമിഴ്നാട് മധുര സ്വദേശികളായ ആറാം പ്രതി 124 ശിവകാമി സ്ട്രീറ്റ് നൈനാര്‍ മുഹമ്മദ് മകന് അബുബക്കര്‍ (40), ഏഴാം പ്രതി കെ പുത്തൂര്‍ ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (25) എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്.
തമിഴ്നാട് മധുര സ്വദേശികളായ ഫോര്‍ത്ത് സ്ട്രീറ്റ് ഇസ്മായില്‍പുരം മുനിസിപ്പല്‍ റോഡിലെ അബ്ബാസലി (27), കെ പുത്തൂര്‍ വിശ്വനാഥ് നഗര്‍ സാംസണ് കരീം രാജ (23), നെല്‍പ്പേട്ട കരിഷ്മ പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍ (23), തൈര്‍മാര്‍ക്കറ്റ് ഈസ്റ്റ് മാറാട്ട് സ്ട്രീറ്റ് ഷംസുദ്ദീന് എന്ന കരുവ ഷംസ് (26), ഈസ്റ്റ് വേളി സ്ട്രീറ്റ് അമാനുള്ളയുടെ മകന് അബ്ദുല്‍ റഹ്മാന് (27) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍
2016 നവംബര്‍ ഒന്നിന് ഉച്ചക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോംപൗണ്ടില്‍ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകളാണ് ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നത്. ബെയ്സ് മൂവ്മെന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദി ഭീകരസംഘടനയിലെ അംഗങ്ങളായ പ്രതികള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്നും രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയും രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്നും ഇവര്‍ക്കെതിരെ കേസുണ്ട്. സ്ഫോടനത്തില്‍ മലപ്പുറം എസ് ഐ ബി എസ് ബിനുവാണ് എക്സ്പ്ലോസീവ് ആക്ട് അടക്കം വിവിധ വകുപ്പുകളില്‍ പ്രതികള്‍ക്കെതിരെ കേസ്സെടുത്തത്. സംഭവ സ്ഥലത്തു നിന്നും ദി ബെയ്സ് മൂവ്മെന്റ് എന്ന് ആലേഖനം ചെയ്ത സ്റ്റിക്കര്‍ പതിച്ച കടലാസു പെട്ടി കണ്ടെടുത്തിരുന്നു. മുഹമ്മദ് അഖ്ലാഖ്, അല്‍ക്വയ്ദ എന്നിവരുടെ പേരെഴുതിയ പെട്ടിയില്‍ നിന്നും ഉസാമ ബിന്‍ലാദന്റെ ചിത്രം, ഇന്ത്യയുടെ ഭൂപടം, ലഘുലേഖ, പെന്‍ഡ്രൈവ് എന്നിവയും കണ്ടെടുത്തിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ എക്സ്പ്ലോസീവ് അസിസ്റ്റന്റ് ഡയറക്ടര്‍ മോളി ജോര്‍ജ്ജ് ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്ഫോടനത്തിനുപയോഗിച്ച പ്രഷര്‍ കുക്കര്‍ തമിഴ്നാട്ടില്‍ നിന്നും വാങ്ങിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മലപ്പുറത്തിനു പുറമെ ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍ എന്നീ സിവില്‍ സ്റ്റേഷനുകളിലും പ്രതികള്‍ സ്ഫോടനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മുസ്ലിംകള് അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ചും പ്രതിവിധി സംബന്ധിച്ചും ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഉദ്ബോധനം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: