പെരുന്തേനരുവി: പെരുന്തേനരുവി ചെറുകിടജലവൈദ്യുതപദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുമെന്നാശങ്ക. വെള്ളച്ചാട്ടത്തിനു മുകളിലായി തടയണകെട്ടിയാണ് വൈദ്യുത പദ്ധതിക്കായി കനാലിലൂടെ വെള്ളം തിരിച്ചു വിടുന്നത്.
ഇതോടെ തടയണ കവിഞ്ഞെത്തുന്ന നീരൊഴുക്കാണ് വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നത്. നീരൊഴുക്കിന്റെ സ്വാഭാവിക ശക്തി തടയപ്പെട്ടതോടെ ജലപാതത്തിന്റെ ഓജസും തേജസും ഇല്ലാതായി. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ വന്യമായ ഭംഗി പൊതുജനങ്ങള്‍ക്ക് ആസ്വദിക്കുന്നതിനായി ടൂറിസം വകുപ്പും ഇവിടെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ട നിര്മ്മാണപ്രവ്ത്തനങ്ങള് ആരംഭിക്കാനിരിക്കെയാണ് വെള്ളച്ചാട്ടം നാമമാത്രമായത് വിനോദ സഞ്ചാര വികസനത്തിനെ ബാധിക്കും.
പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് നീരൊഴുക്ക് കുറഞ്ഞു നഷ്ടമായ ഭംഗി തിരികെ കൊണ്ടുവരാനായി കെഎസ്ഇബിക്കു മേല്‍ സമ്മര്‍ദം ഉയരുന്നുണ്ട്. മഴക്കാലത്തു മാത്രമാണ് ജല സംഭരണി നിറഞ്ഞു കവിയുന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് ചെറിയതോതില്‍ വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിലും സ്വാഭാവിക ഭംഗി പെരുന്തേനരുവിക്കു നഷ്ടമായെന്ന് സന്ദര്‍ശകര്‍ പറയുന്നു.
കഴിഞ്ഞ മഴക്കാലത്ത് രണ്ടോ മൂന്നോ തവണ മാത്രമാണ് സംഭരണിയില്‍ നിന്നു പുറത്തേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടായത്.
വൈദ്യുതോല്പാദനശേഷംമുള്ള വെള്ളം തിരികെ വെള്ളച്ചാട്ടത്തിലേക്ക് എത്തിക്കാന്‍ സംവിധാനമുണ്ടാകുമെന്ന് കെഎസ്ഇബി അധികൃതര്‍ പദ്ധതി തയാറാക്കുമെന്നാണ് ഇപ്പോഴും ജനപ്രതിനിധി അടക്കമുള്ളവര്‍ പറയുന്നത്. അതേ സമയം വൈദ്യുതി ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം പ്രധാന വെള്ളച്ചാട്ടത്തിനു താഴെയായിട്ടാണ് പതിക്കുന്നത്. ഇത് എങ്ങനെ വീണ്ടും മുകളില്‍ അത്തിക്കുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
ജലവൈദ്യുത പദ്ധതി നാടിനു സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ഇവിടെ എത്തിയ വൈദ്യുതി മന്ത്രി വെള്ളച്ചാട്ടം നിലയ്ക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നാണ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: