തിരുവനന്തപുരം: ശൂരസംഹാര സ്‌കന്ദഷഷ്ഠി വ്രതത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന 11-ാമത് സ്‌കന്ദ പുരാണമഹായജ്ഞം ഗാന്ധാരിയമ്മന്‍ കോവിലിലെ പൗര്‍ണമി മന്ദിരത്തിലെ യജ്ഞമണ്ഡപത്തില്‍ 20 മുതല്‍ 26 വരെ ആഘോഷിക്കും. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ യജ്ഞത്തിന് ആരംഭം കുറിക്കും. ആധ്യാത്മികാചാര്യന്‍ ഡോ ബി.സി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥ സമര്‍പ്പണം നടി മായ വിശ്വനാഥ് നിര്‍വഹിക്കും. തുടര്‍ന്ന് യജ്ഞാചാര്യന്‍ ആലപ്പാട്ട് രാമചന്ദ്രന്‍ സ്‌കന്ദപുരാണ മാഹാത്മ്യത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സ്‌കന്ദപുരാണത്തിലെ ശങ്കര സംഹിതയിലെ 13000 ശ്ലോകങ്ങളില്‍ പറഞ്ഞിരിക്കുന്ന ശിവരഹസ്യമാണ് മഹായജ്ഞത്തിന് ആധാരം. സുബ്രഹ്മണ്യ സ്വാമിയുടെ 6 മുഖങ്ങളെ സൂചിപ്പിക്കുന്ന തത്ത്വങ്ങളെ പാരായണം ചെയ്ത് അനുസ്മരിക്കുന്നതാണ് യജ്ഞരൂപം. വളരെ അപൂര്‍വമായി മാത്രം നടത്തിയിട്ടുള്ള യജ്ഞത്തിന് ഗാന്ധാരിയമ്മന്‍ കോവില്‍ വേദിയാകുകയാണ്. എല്ലാ ദിവസവും ഉച്ചയ്‌ക്ക് വ്രത അന്നപ്രസാദ വിതരണത്തിന് പുറമെ വിശേഷാല്‍ പൂജയും വിവിധ അര്‍ച്ചനകളും യജ്ഞമണ്ഡപത്തില്‍ ഉണ്ടായിരിക്കും. സ്‌കന്ദ ഷഷ്ഠിയോടനുബന്ധിച്ച് 26 ന് രാവിലെ 1.30 ന് സ്‌കന്ദസ്വാമിക്ക് 108 കലശാഭിഷേകവും നടക്കും. ഭസ്മാഭിഷേകത്തിനുശേഷം യജ്ഞം ഉച്ചയ്‌ക്ക് 3 ന് സമാപിക്കും.
















