പാലക്കാട്:ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍/ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ജനുവരിമുതല്‍ മെയ് വരെ നടക്കുന്ന ഉത്സവങ്ങളോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിന് ഉത്സവകമ്മിറ്റിക്കാര് ജില്ലാ മജിസ്ട്രേറ്റ് അനുവദിക്കുന്ന ലൈസന്‍സ് എടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു അറിയിച്ചു.
സ്ഫോടകവസ്തു നിര്‍മാതാക്കള്‍ക്ക് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന്(പി.ഇ.എസ്.ഒ) അനുവദിച്ച ലൈസന്‍സും ഉണ്ടായിരിക്കണം.വെടിക്കെട്ടിനുള്ള അപേക്ഷകള്‍ വെടിക്കെട്ട് നടത്തുന്ന ദിവസത്തിന് രണ്ട് മാസം മുന്‍പെങ്കിലും നല്‍കണം.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി അപകടരഹിതമായി വെടിക്കെട്ട് നടത്തുന്നതിന് വെടിക്കെട്ട് സ്ഥലത്തിന് 100മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിക്കണം. സ്ഫോടകവസ്തു നിയമപ്രകാരം നിര്‍മിച്ചതും എറണാകുളം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചിട്ടുള്ളതുമായ സ്ഫോടകവസ്തു സംഭരണശാല ഉണ്ടാവണം.
ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സിന്റെ അംഗീകാരമുള്ള പടക്കങ്ങള്‍ മാത്രമേ വെടിക്കെട്ടിന് ഉപയോഗിക്കാവൂ.ലൈസന്‍സിലെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വെടിക്കെട്ട് നടത്താന്‍ പാടുള്ളൂ.അപകടകാരിയായ പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത സാമഗ്രികള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്.
ജില്ലാ മജിസ്ട്രേറ്റ് അനുവദിക്കുന്ന ലൈസന്‍സ് എടുക്കാതെ അനധികൃതമായി വെടിക്കെട്ട് നടത്തുന്ന ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, സ്ഫോടകവസ്തു നിര്‍മാതാക്കള്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.ജില്ലയില്‍ എവിടെയെങ്കിലും അനധികൃത പടക്കനിര്‍മാണം പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ്, റവന്യൂ അധികാരികളെ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: