ചിറ്റൂര്‍:ദീപാവലിയോടനുബന്ധിച്ച് കിഴക്കന്‍ മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിപ്പോര് വ്യാപകം. കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, ആര്.വി പുതൂര്‍, ഗോപാലപുരം, മീനാക്ഷിപുരം, എരുത്തേമ്പതി മേഖലകളിലെ ഒഴിഞ്ഞ പറമ്പുകളിലും സ്വകാര്യ വ്യക്തികളുടെ തെങ്ങിന് തോപ്പുകള്‍ കേന്ദ്രീകരിച്ചുമാണ് കോഴിപ്പോര് നടക്കുന്നത്.
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും കോഴിപ്പേരിനായി നിരവധി ആളുകള്‍ കിഴക്കന്‍ മേഖലയില്‍ എത്താറുണ്ട്. സ്പെഷല്‍ ട്രൈനിംഗും ഭക്ഷണവും മരുന്നുകളും നല്കി വരുന്ന പൂവന് കോഴികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്പെഷല്‍ ട്രൈനിംഗ് നല്കിയ കോഴി കള്‍ക്ക് മൂവായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ നല്‍കിയാണ് പോരിന് കൊണ്ടുവരുന്നത്.
ജയിക്കുന്ന കോഴികള്‍ക്ക് അയ്യായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് പന്തയം തുക. പോരില്‍ പരാജയപ്പെടുന്ന കോഴിയും വിജയിക്കുന്നവര്‍ക്ക് സ്വന്തമാക്കാം. തെങ്ങിന് തോപ്പുകളും ഒഴിഞ്ഞ പറമ്പുകളിലും നടക്കുന്ന പോര് പോലീസ് പിടിക്കപ്പെടാതിരിക്കാന്‍ തോപ്പിന്റെ തുടക്കഭാഗത്തു തന്നെ മുന്നറിയിപ്പ് നല്‍കാനായി ആളെ നിര്ത്തിയിട്ടുമുണ്ടാവും. ഇതിനാല്‍ തന്നെ പലപ്പോഴും പിടിക്കപ്പെടാറുമില്ല.
കാലങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ വിനോദമായി തുടങ്ങിയ കോഴിപ്പോരാണ് ഇന്ന് ലക്ഷങ്ങള്‍ മറിയുന്ന ചൂതാട്ടമായി മാറിയിരിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് തമിഴ്നാട് സര്‍ക്കാര്‍ കോഴിയങ്കം നിരോധിച്ച് ഉത്തരവിറക്കിയത്. അതിന് ശേഷമാണ് തമിഴ്നാട്ടില്‍ നിന്നും ലക്ഷങ്ങളുമായി കോഴിപ്പോരിന് കേരള അതിര്‍ത്തിഗ്രാമങ്ങളില്‍ എത്തുന്നത്.
ദീപാവലിയോടനുബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസമായി അതിര്‍ത്തിയില്‍ കോഴിയങ്കം വ്യാപകമാവുന്നതായും പറയപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: