ആലത്തൂര്‍:നഗരത്തിലെ മെയിന്‍ റോഡിലും കോര്‍ട്ട് റോഡിലും നടപ്പാതയില്‍ കൈയേറ്റം വ്യാപകമായതോടെ കാല് നടയാത്രക്കാര്‍ പെരുവഴിയില്‍. നടപ്പാതയിലുടനീളം വ്യാപാര സ്ഥാപനങ്ങളുടെ ഫ്ളക്സ് ബോര്‍ഡുകളും കച്ചവട സാധനങ്ങഴും ഇറക്കിവെച്ചാണ് സ്ഥലം കൈയേറുന്നത്.
ചില വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാതയില്‍ വരെ ടൈല്‍ വിരിച്ചിട്ടുണ്ട്. പലയിടത്തും നടപ്പാതയടച്ചാണ് ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഷോറൂമായാലും ചില കച്ചവടക്കാര്‍ക്ക് നടപ്പാതയില്‍ സാധനങ്ങള്‍ ഇറക്കി വെച്ചാലേ തൃപ്തിയാകുവെന്നാണ് ജനങ്ങള്‍ പറയുന്നത്.
കടയുടെ മുന്‍വശം ഷീറ്റിറക്കിയും ടൈല്‍ വിരിച്ചുമൊക്കെയാണ് പലരും പൊതു സ്ഥലം സ്വന്തമാക്കുന്നത്. ഇതിനാല്‍ കാല്‍നടയാത്രക്കാര്‍ നടപ്പാതയില്‍ നിന്നിറങ്ങി റോഡിലൂടെ വേണം നടക്കാന്‍. സ്വന്തം കടയുടെ സര്‍ബത്ത് സ്റ്റാന്‍ഡും ഫ്രൂട്ട്സ് സ്റ്റാന്‍ഡും പരസ്യബോര്‍ഡും നടപ്പാതയ്ക്കു മുകളില്‍ വെയ്ക്കുന്നവരും നിരവധിയാണ്.
മാത്രമല്ല കടയ്ക്കു മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ഇരുമ്പു കൊണ്ടുള്ള കവചങ്ങള്‍ റോഡിലേക്ക് ഇറക്കിവെച്ച വ്യാപാരികളുമുണ്ട്. നടപ്പാതയായി കാല്‍നടയാത്രക്കാര്‍ക്ക് ഉപയോഗിക്കേണ്ട രീതിയിലല്ലാത്ത ഉയര്‍ച്ച താഴ്ച്ചകളും സ്ലാബുകള്‍ ചിലയിടങ്ങളില്‍ ഇല്ലാത്തതും ഭീഷണിയാണ്. നടപ്പാതയ്ക്കു മുകളിലായുള്ള ഓട്ടോസ്റ്റാന്‍ഡുകളാണ് മറ്റൊരു പ്രശ്നം. ഗവണ്മെന്റ് ഗേള്‍സ് സ്കൂളിനു മുന്നിലെ ബസ് സ്റ്റോപ്പും പെട്ടി ഓട്ടോ സ്റ്റാന്‍ഡും തട്ടുകടകളും നടപ്പാതയ്ക്കു മുകളിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവയ്ക്ക് ശാശ്വത പരിഹാരം കാണണമെങ്കില്‍ കയ്യേറ്റങ്ങള്‍ എല്ലാം നിയമപരമായി ഒഴിപ്പിക്കണം. ആലത്തൂര്‍ സ്വാതി ജംഗ്ഷന് മുതല്‍ പവിഴം കോര്‍ണര്‍ വരെയുള്ള കോര്‍ട്ട് റോഡും കിണ്ടിമുക്ക് മുതല്‍ മലമല്‍മൊക്ക് വരെയും മെയിന്‍ റോഡും പൊതുമരാമത്ത് വകുപ്പും റവന്യൂ വകുപ്പും അളന്ന് തിട്ടപ്പെടുത്തിയാലേ കൈയേറ്റം ഒഴിപ്പിക്കാനാവുവെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: