ലണ്ടന്‍: ആളൊരു വിദ്യാര്‍ത്ഥിയാണ്. പക്ഷേ, കോടീശ്വരനും. സ്കൂളിലെ ഒഴിവു സമയങ്ങളില്‍ തന്റെ ബിസിനസിലാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധ, അതും റിയല്‍ എസ്റ്റേറ്റ്. ഇപ്പോള്‍, യുകെയിലെ യുവ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇദ്ദേഹത്തിനും ഇടമുണ്ട്.
പേര് അക്ഷയ് രുപരേലിയ, പത്തൊമ്പത് വയസുള്ള ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി. സ്കൂളിലെ ഒഴിവു സമയങ്ങളില്‍ തന്റെ www.doorsteps. co.uk എന്ന വെബ്സൈറ്റിലൂടെയാണ് അക്ഷയ് സ്ഥലവും വീടും കച്ചവടം ചെയ്യുന്നത്. ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ആകെ മൂല്യം 12 മില്യണ്‍ പൗണ്ട് (ഏകദേശം 103 കോടി രൂപ). 100 മില്യണ്‍ പൗണ്ടിനുള്ള (ഏകദേശം 858 കോടി രൂപ) കച്ചവടം അക്ഷയ് നടത്തി.
പരമ്പരാഗത രീതികളില്‍ നിന്നു വ്യത്യസ്തമാണ് ഈ വിദ്യാര്‍ത്ഥിയുടെ രീതി. ക്ലാസിലിരിക്കുമ്പോള്‍ സംശയങ്ങള്‍ക്ക് മറുപടി നല്കാന് ഒരു കോള്‍ സെന്റര്‍ ഏജന്‍സിയെ വാടകയ്ക്കെടുത്തിട്ടുണ്ട്. ക്ലാസില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ വന്ന കോളുകള്‍ക്കും മെയില്‍ അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കും. സാധാരണ ഇടനിലക്കാര്‍ 7,000 പൗണ്ട് വരെ കമ്മീഷന് ഈടാക്കുമ്പോള്‍, അക്ഷയിന്റേത് 99 പൗണ്ട്. നിലവില്‍ സ്ഥാപനത്തില്‍ 12 പേര് ജോലി ചെയ്യുന്നു. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്വയംതൊഴിലിന് താത്പര്യമുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളെ പങ്കാളിയാക്കാനും ശ്രമമുണ്ട്. യുകെയില്‍ പതിനെട്ടാം സ്ഥാനത്താണ് സ്ഥാപനം.
പഠനത്തിലും മികവു കാട്ടുന്നു അക്ഷയ്. മിക്ക വിഷയങ്ങളിലും എ ഗ്രേഡുണ്ട്. ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്മെന്റിലും ഉന്നത പഠനം നടത്താനാണ് അക്ഷയ്ക്ക് താത്പര്യം. ശാരീരിക അസ്വസ്ഥതകളുള്ളവരെ സഹായിക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് അക്ഷയ് യുടെ അച്ഛന് കൗശിക്. അമ്മ രേണക ബധിര വിദ്യാലയത്തിലെ ടീച്ചിങ് അസിസ്റ്റന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: