കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പുതുതായി പ്രഖ്യപിച്ച സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ. ഒരിടത്തും ബന്ധപ്പെട്ട ജീവനക്കാരെ നിയമിച്ചിട്ടുമില്ല.കാലങ്ങളായി അതിസങ്കീര്‍ണ്ണമായ സംരക്ഷണ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന വനപ്രദേശവും അനുബന്ധ പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് ജില്ല. ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്തല്‍, മാവോയിസ്റ്റ് സാന്നിധ്യം, വിനോദ സഞ്ചാരത്തിന്റേയും മറ്റും പേരില്‍ അനധിക്യത കടന്നുകയറ്റം, കൈയേറ്റം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇവിടെ നിലനില്ക്കുന്നു. റിസര്വ്വ്വനങ്ങള്ക്ക് പുറമെ ഇ.എഫ്.എല്‍., വെസ്റ്റഡ് ഫോറസ്റ്റ് എന്നിവയില്‍ വ്യാപിച്ച് കിടക്കുന്ന വന ഭൂമിയുടേയും വന്യജീവികളുടേയും സരക്ഷണം സുഗമമാക്കുന്നതിനും സംരക്ഷണ വിഭാഗം ജീവനക്കാരുടെ കുറവ് നികത്തുന്നതിനും വാഹനം, ബില്‍ഡിംഗ്, താമസം തുടങ്ങി അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എല്ലാ സെക്ഷനുകളെയും സ്റ്റേഷന് സംവിധാനത്തിലേക്ക് ഉയര്‍ത്തണമെന്നത് ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
സംസ്ഥാനത്തൊട്ടാകെ 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിച്ചതില്‍ വയനാട് ജില്ലയിലെ പ്രശ്നബാധിതമായ പ്രദേശങ്ങളിലേക്ക് 3 എണ്ണം അനുവദിച്ചു.. മറ്റു സ്ഥലങ്ങളിലേക്കു കൂടി പുതിയതായി സ്റ്റേഷന് സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.എന്നാല്‍ അതുമായി ബന്ധപ്പെട്ട് സ്റ്റേഷന് അതിര്‍ത്തി, എല്ലാ തലത്തിലുമുള്ള ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച നോട്ടിഫിക്കേഷന്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാതെ സ്റ്റേഷന് സംവിധാനം തട്ടിക്കൂട്ടുന്ന വകുപ്പിലെ ചില ഉന്നതാധികാരികളുടെ തീരുമാനത്തെ സംരക്ഷണ വിഭാഗം ജീവനക്കാര്‍ ഏറെ ആശങ്കയോടുകൂടിയാണ് കാണുന്നത്.സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി റെയിഞ്ചില്‍ 2 ഫോറസ്റ്റ് സ്റ്റേഷനുകളും ചെതലത്ത് റെയിഞ്ചില്‍ ഒരു ഫോറസ്റ്റ് സ്റ്റേഷനുമാണ് അനവുദിച്ച് ഉത്തരവായിട്ടുള്ളത്. മേപ്പാടി റെയിഞ്ചിന് കീഴിലുള്ള മുണ്ടക്കൈ, വൈത്തിരി എന്നീ രണ്ട് സ്റ്റേഷനുകള്‍ക്ക് ബില്‍ഡിംഗ് പണി പൂര്‍ത്തീകരിച്ച് 6 ന് സ്റ്റേഷന് ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിലും ആവശ്യമായ വെള്ളം, ഫര്‍ണിച്ചര്‍, എന്നിവ പോലും ഈ ബില്‍ഡിംഗുകളിലും അതിനോട് അനുബന്ധിച്ച സ്ഥലങ്ങളിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ചെതലത്ത് റെയിഞ്ച് പരിധിയില്‍ പ്രഖ്യാപിച്ച പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് നിലവില്‍ കെട്ടിടം പോലും ഇല്ല. നിലവിലുള്ള ഒരു സെക്ഷന്‍ ഹെഡ് ക്വാര്‍ട്ടറിലാണ് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഈ സ്റ്റേഷനുകളുടെയെല്ലാം അതിര്‍ത്തി ഉള്‍പ്പെടെയുള്ള അധികാര പരിധി നോട്ടിഫൈ ചെയ്യുകയോ ജീവനക്കാരുടെ ക്യത്യമായ എണ്ണം സംബന്ധിച്ച ഉത്തരവിറക്കുകയോ, ആവശ്യമായ ജീവനക്കാര്‍, വാഹനം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.
ജനറല്‍ ഡയറി മാത്രം ഓപണ്‍ ചെയ്ത് 16 മുതല്‍ സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് ഉന്നതോദ്യോഗസ്ഥര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ ജീവനക്കാര്‍ അടക്കമുള്ള നാമമാത്ര ജീവനക്കാര്‍ക്ക് താമസ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ സജ്ജമാക്കേണ്ടതുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ സ്റ്റേഷന് സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ മൂന്നോ നാലോ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുക ദുഷ്കരമാണ്.ഇത് ജീവനക്കാരുടെ മനോവീര്യം ഇല്ലാതാക്കാന്‍ ഇടയാക്കും. ഒട്ടേറെ ഒഴിവുകള്‍ നിലനില്‍ക്കുന്ന ജില്ലയില്‍ നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് തട്ടിക്കൂട്ട് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കുന്നത് മൂലം വന്യമ്യഗ ശല്യം നിയന്ത്രിക്കുന്നതിനോ മറ്റ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ യഥാവിധി നടത്തുന്നതിനോ സാധിക്കുകയില്ല. നോട്ടിഫിക്കേഷനും ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നത് വരെയെങ്കിലും ധ്യതിപിടിച്ചുള്ള ഇത്തരം തീരുമാനങ്ങളില്‍ നിന്ന് പിന്മാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: