കുറച്ചുനാളുകളായി ‘ജന്മഭൂമി’ പത്രത്തില്‍ കാണുന്ന ഒരു പ്രയോഗമാണ് ‘അബ്രാഹ്മണശാന്തി’. നമ്പൂതിരി അല്ലെങ്കില്‍ അതുപോലത്തെ സമുദായക്കാര്‍ മാത്രമാണ് ബ്രാഹ്മണര്‍, അല്ലെങ്കില്‍ ജാതിയാണ് ബ്രാഹ്മണ്യം എന്ന ശാസ്ത്രവിരുദ്ധമായ ആശയത്തെ പിന്താങ്ങുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള പ്രയോഗം.
പ്രസ്തുത ശാന്തിക്കാരന് വിധിപ്രകാരം ഉപനയനം ചെയ്തയാളും അതുകൊണ്ട് ശാസ്ത്രാനുസാരം ബ്രാഹ്മണനുമാണ്. നമ്പൂതിരിയും പട്ടരുമെല്ലാം ഉപനയനം ചെയ്യേണ്ടി വരുന്നത് ബ്രഹ്മണനാകുന്നതിനുവേണ്ടിയാണ്.
രാകേഷ് തന്ത്രിയെക്കുറിച്ച് ഇതേ പ്രയോഗം കണ്ട് ഞാന്‍ മുമ്പൊരിക്കല്‍ ജന്മഭൂമിക്കു കത്തെഴുതിയിരുന്നു. ഏതു സമുദായക്കാരനാണെങ്കിലും വിധിപ്രകാരം ഉപനയനാദി കര്‍മങ്ങള്‍ ചെയ്താല്‍ അയാള്‍ ബ്രാഹ്മണന് ആകുന്നു. അതാണ് ശാസ്ത്രം.
അത് മറ്റാരുടെയെങ്കിലും ഔദാര്യവുമല്ല. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ‘നമ്പൂതിരിയല്ലാത്ത ശാന്തിക്കാരന്’ എന്നോ ‘ഇന്ന സമുദായത്തിലെ ഒരാള്‍ ശാന്തിക്കാരനായി’ എന്നോ ഒക്കെ പറയുക.
ക്ഷേത്രശാന്തിക്രിയകളില് ബ്രാഹ്മണ്യത്തിന്റെ ആവശ്യമുണ്ട്. അതുകൊണ്ട് ഏതു സമുദായക്കാരനാണെങ്കിലും അയാള്‍ക്ക് ബ്രഹ്മണാനാകാനും ശാന്തിജോലി ചെയ്യാനും കഴിയും. ആയാലേ ഒക്കൂ. ഇത് പുതിയ കാര്യവുമല്ല. ദശാബ്ദങ്ങളായി കേരളത്തില്‍ നടക്കുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആയതുകൊണ്ടുള്ള വാര്ത്താപ്രാധാന്യമേ ഇതിനുള്ളൂ.
വേണുഗോപാല്‍ ശ്രീനിവാസന്
തോട്ടക്കാട്ടുകര,
ആലുവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: