അരൂര്‍: ചെല്ലാനത്തു നിന്നും എരമല്ലൂര്‍ വഴി ചേര്‍ത്തലയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. നീണ്ടകര സ്വദേശികള്‍ക്ക് അരൂര്‍, കുത്തിയതോട്, ചേര്‍ത്തല തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനുള്ള മാര്‍ഗ്ഗമില്ലാത്തതിനാലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് ഇവര്‍ ഈ മേഖലകളിലേക്ക് ഇപ്പോള്‍ എത്തുന്നത്. നീണ്ടകരയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി കുത്തിയതോട്ടില്‍ എത്തണമെങ്കില്‍ മൂന്നു ബസ്സുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. ചെല്ലാനത്തു നിന്നും നീണ്ടകരവഴി എരമല്ലൂര്‍, കുത്തിയതോട് വഴി ചേര്‍ത്തലയിലേക്ക് ബസ്സ് സര്‍വീസ് ആരംഭിച്ചാല്‍ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. പ്രധാനമായും ബാങ്കുകള്‍, ട്രഷറി, ഗ്യാസ് ഏജന്‍സി, മാര്‍ക്കറ്റ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കുള്ള മറ്റ് കടകള്‍ എന്നിവ കുത്തിയതോട്ടിലാണുള്ളത്. ബസ് സര്‍വീസ് ആരംഭിച്ചാല്‍ എഴുപുന്ന നിവാസികളുടെ യാത്രാക്‌ളേത്തിനും പരിഹാരമാകും.
















