കളിവിളക്കിനു പിന്നില്‍ വേഷങ്ങള്‍ നിറഞ്ഞാടുമ്പോള്‍ അരങ്ങില്‍ മദ്ദളത്തില്‍ താളവിസ്മയം തീര്‍ത്തിരുന്ന വാരണാസി വിഷ്ണു നമ്പൂതിരി. മനസ്സിനൊപ്പം ശരീരം എത്തില്ലെങ്കിലും കഥകളിയെക്കുറിച്ചു പറയുമ്പോള്‍ ചെറുപ്പത്തിന്റെ ആവേശം.
കഥകളി മേളത്തിന്റെ ദ്രുതതാളം തീര്‍ത്ത് വാരണാസി സഹോദരന്മാര് ഒരു കാലഘട്ടത്തില്‍ കഥകളി അരങ്ങിലെ നിറസാന്നിദ്ധ്യമായിരുന്നു. ചെണ്ട വാദകന്‍ വാരണാസി മാധവന് നമ്പൂതിരിയും മദ്ദള വാദകന്‍ വാരണാസി വിഷ്ണു നമ്പൂതിരിയും. അരങ്ങില്‍ ഇരുവരും ഒരുമിച്ചുണ്ടെങ്കില്‍ ആട്ടവിളക്കിന് പിന്നില്‍ പച്ചയോ കത്തിയോ താടിയോ എന്തുമാകട്ടെ, ആസ്വാദകര്‍ താളബോധത്തില്‍ ആട്ടവിളക്ക് അണയും വരെ കഥയില്‍ ലയിച്ചുചേരും.
2002 ലുണ്ടായ അപകടത്തില്‍ വാരണാസി മാധവന് നമ്പൂതിരി മരിക്കും വരെ ഒരുമിച്ചു തന്നെയാണ് താളവിസ്മയം സൃഷ്ടിച്ചത്. മാധവന് നമ്പൂതിരിയുടെ വിയോഗത്തോടെ അണിയറയില്‍ നിന്ന് മദ്ദളവുമായി വിഷ്ണു നമ്പൂതിരിയും പടിയിറങ്ങി.
സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എല്ലാവരും നിര്‍ബന്ധിച്ചു. അരങ്ങില്‍ നിന്ന് വീണ്ടും വാരണാസിയുടെ മദ്ദളത്തിന്റെ താളമുയരാന്‍ അവര്‍ ആഗ്രഹിച്ചു. പക്ഷേ മാധവന് നമ്പൂതിരിയില്ലാത്ത അരങ്ങില്‍ താനുമില്ലെന്ന വിഷ്ണു നമ്പൂതിരിയുടെ തീരുമാനത്തെ തിരുത്താന്‍ ആര്‍ക്കുമായില്ല. കുടുംബ ഭരദേവതയായ മണ്ണൂര്മഠത്തിലെ മഹാദേവന് സര്‍വ്വവും സമര്‍പ്പിച്ച് പ്രാര്‍ത്ഥനയും പൂജാവിധികളുമായി ഒരു ദശാബ്ദം.
2012 ല്‍ മാവേലിക്കര കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കഥകളി നടക്കുന്നു. കഥ ലവണാസുരവധം. മനസ്സില്‍ ഒതുക്കിക്കൊണ്ടു നടന്ന മോഹം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സഫലമാകുന്നു. വാരണാസി വിഷ്ണു നമ്പൂതിരിയുടെ മനസ്സില്‍ മാത്രമല്ല കഥകളിയെ സ്നേഹിച്ച ഓരോ ആസ്വാദകനും ആഗ്രഹിച്ച നിമിഷം. അങ്ങനെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ലവണാസുരവധത്തിലെ ഹനുമാനു വേണ്ടി വീണ്ടും മദ്ദളത്തില്‍ താളം പിടിച്ചു. നിന്നുകൊണ്ടു കൊട്ടാന്‍ പ്രായാധിക്യം അനുവദിക്കാത്തതിനാല്‍ 15 കിലോ ഭാരമുള്ള മദ്ദളവുമായി ഇരുന്നു കൊണ്ട് കൊട്ടി. വീണ്ടും ആസ്വാദകര്‍ കണ്ടു, പഴയ വാരണാസിയെ. മാധവന് നമ്പൂതിരിക്കൊപ്പം നിന്ന് മദ്ദളത്തില്‍ കൈവിരലുകള്‍ കൊണ്ട് താളവിസ്മയം തീര്‍ക്കുന്ന പ്രതിഭയെ.
സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ നിര്‍ബന്ധത്താല്‍ ഒരിക്കല്‍ കൂടി 2015 ല്‍ ജ്യേഷ്ഠന്റെ മകന് നാരായണന് നമ്പൂതിരിക്കും അദ്ദേഹത്തിന്റെ മകന് മധു വാരണാസിക്കും വേണ്ടി വീണ്ടും മദ്ദളമെടുത്തു. ഒരിക്കല്‍ കൂടി താളവാദ്യത്തില്‍ ആസ്വാദകര്‍ ലയിച്ചു ചേര്‍ന്നു.
ഇനിയും ആ താളം വിസ്മയം കേള്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ‘ജ്യേഷ്ഠന് ഒപ്പമായിരുന്നു താന്‍ മദ്ദളം വായിച്ചിരുന്നത്. ജ്യേഷ്ഠന് ഇല്ലാത്ത വേദിയില്‍ വായിക്കാന്‍ മനസ്സും ശരീരവും അനുവദിക്കില്ല’ -എണ്‍പതിന്റെ നിറവിലെത്തിയ വിഷ്ണു നമ്പൂതിരി പറയുന്നു.
ജനനവും ബാല്യവും
വാരണാസി ഇല്ലത്ത് നാരായണന് നമ്പൂതിരിയുടെയും ദ്രൗപദി അന്തര്‍ജനത്തിന്റെയും മകനായി 1937 ജനുവരി 20ന് വാരണാസി വിഷ്ണു നമ്പൂതിരിയുടെ ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്താണ് കഥകളി മദ്ദളവാദനം അഭ്യസിച്ചു തുടങ്ങിയത്.
കരുവാറ്റ കുമാരപ്പണിക്കര്‍, വെന്നിമല രാമവാര്യര്‍ എന്നിവരായിരുന്നു ആദ്യ ഗുരുനാഥന്മാര്. പിന്നീട് കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്, ചാലക്കുടി നാരായണന് നമ്പീശന്, കടവല്ലൂര്‍ ശങ്കുണ്ണിനായര്, കലാമണ്ഡലം നാരായണന് നായര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന് നായര്‍, കലാമണ്ഡലം നമ്പീശന്‍കുട്ടി എന്നിവര്‍ക്കൊപ്പവും പഠനം നടത്തി.
അരങ്ങേറ്റം
1952 ല്‍ മണ്ണൂര്‍മഠം കൊട്ടാരം ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം നടന്നു. കേരള കലാമണ്ഡലം, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം എന്നിവിടങ്ങളില്‍ ഉപരിപഠനം. ജ്യേഷ്ഠനായ വാരണാസി മാധവന് നമ്പൂതിരിയും വിഷ്ണു നമ്പൂതിരിയും ചേര്‍ന്നപ്പോള്‍ വാരണാസി സഹോദരന്മാര് എന്ന കൂട്ടുകെട്ടും കഥകളിയിലുണ്ടായി.
ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള, ഗുരു കുഞ്ചുക്കുറുപ്പ്, കലാമണ്ഡലം കൃഷ്ണന്‍നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന് നായര്‍, കുറിച്ചി കുഞ്ഞന്‍പണിക്കര്‍, ചമ്പക്കുളം പാച്ചുപിള്ള, ഉണ്ണിത്താന് സഹോദരന്മാര്, തകഴി കുട്ടന്‍പിള്ള തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചു.
പുരസ്കാരങ്ങള്‍
എണ്‍പത് വയസ്സിനിടയില്‍ നിരവധി പുരസ്കാരങ്ങള്‍ വിഷ്ണു നമ്പൂതിരിയെ തേടിയെത്തി. ഏറ്റവും ഒടുവില്‍ ലഭിച്ചത് കേന്ദ്രസംഗീത നാടക അക്കാദമിയുടെ പുരസ്കാരം. 1972 ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കലാരത്നം ബഹുമതി നല്കി ആദരിച്ചു.
വീരമണി അയ്യര്‍, ചെന്നിത്തല ചെല്ലപ്പന്‍പിള്ള, കലാമണ്ഡലം കൃഷ്ണന്‍നായര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്, കലാമണ്ഡലം ഹൈദരാലി, തകഴി മാധവക്കുറുപ്പ്, അക്കന്നൂര്‍ നീലകണ്ഠരര്, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള് തുടങ്ങിയവരുടെ സ്മരണാര്‍ത്ഥമുള്ള പുരസ്കാരങ്ങള്‍ക്കൊപ്പം കേരള കലാമണ്ഡലം വാദ്യ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ വീരശൃംഖല പുരസ്കാരം എന്നിവയും ലഭിച്ചു.
കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന് പദവി ലഭിച്ചിട്ടുള്ള വിഷ്ണു നമ്പൂതിരി കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നിവിടങ്ങളില്‍ ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഥകളി മദ്ദള വാദക രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും മധു വാരണാസിയിലൂടെ കഥകളിയുമായി ഇപ്പോഴും ചേര്‍ന്നു പോവുകയാണ് വിഷ്ണു നമ്പൂതിരി. അരങ്ങേറ്റം കുറിച്ച മണ്ണൂര്‍മഠം കൊട്ടാരം ശിവക്ഷേത്രത്തില്‍ എണ്‍പതിലും മേല്‍ശാന്തിയായി സേവനം അനുഷ്ഠിക്കുന്നു, മനസ്സ് നിറയെ ഭക്തിയുമായി. ഓരോ നേട്ടവും ഉപാസനാമൂര്‍ത്തിയുടെ അനുഗ്രഹമാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ഭാര്യ പരേതയായ സരസ്വതി അന്തര്‍ജനം. മക്കള്‍: രാധാദേവി, വിഷ്ണു നാരായണന് നമ്പൂതിരി. മരുമക്കള്‍: വി. ഈശ്വരന്‍നമ്പൂതിരി, രാധാദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: