ചേര്‍ത്തല: അഞ്ഞൂറോളം ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ കേസില്‍ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് വള്ളോന്തയ്യില്‍ വീട്ടില്‍ എന്‍. ഹരോള്‍ഡ്(65), സിഎംസി 29 വട്ടപറമ്പില്‍ ജെ. ജോയിച്ചന്‍(61)എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കേ അങ്ങാടി കവലയ്‌ക്ക് സമീപത്തെ ഹരോള്‍ഡിന്റെ സ്വകാര്യ ഗോഡൗണില്‍ കഴിഞ്ഞ ദിവസം ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ചാക്കില്‍ സൂക്ഷിച്ചിരുന്ന പച്ചരി,പുഴുക്കലരി, പുഞ്ചയരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള അഞ്ഞൂറോളം ചാക്ക് ധാന്യങ്ങള്‍ കണ്ടെടുത്തത്.
റേഷന്‍ കടകളില്‍ നിന്നു സംഭരിച്ച ഇവ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന് സ്വകാര്യ മില്ലുകാര്‍ക്ക് കൈമാറുന്നതിനായി സൂക്ഷിച്ചതായിരുന്നു.ഇയാള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നല്‍കിയതെന്ന് സംശയിക്കുന്ന ഏതാനും കടകളില്‍ ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസര്‍ എ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. മൂന്ന് റേഷന്‍ കടകളില്‍ സാധനങ്ങളുടെ സ്റ്റോക്കില്‍ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.
മറ്റ് കടകളിലും പരിശോധന തുടരും. ഇതോടൊപ്പം ഏതാനും റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ട് മൊഴിയെടക്കും..റേഷന്‍ സാധനങ്ങള്‍ കൊടുത്തതായി ബില്‍ എഴുതിയശേഷം മറിച്ചുകൊടുത്തിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
















