ചെങ്ങന്നൂര്‍: എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ജിഹാദി-ചുവപ്പ് ഭികരതയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് ചെങ്ങന്നൂരില്‍ ആവേശോജ്ജ്വല സ്വീകരണം.
11ന് പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ ചെങ്ങന്നൂരിലെ സമ്മേളന നഗരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. പത്തു മണി ആയപ്പോഴേക്കും സമ്മേളന സ്ഥലത്തെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ് പ്രവര്‍ത്തകര്‍ സമീപ പുരയിടത്തിലേക്കും റോഡിലേക്കും നീണ്ടു.
തുടര്‍ന്ന് തൃശ്ശൂര്‍ കൈതാല ഫോക് മീഡിയയുടെ ‘നാടന്‍പാട്ടും’, രാജന്‍ തറയില്‍ എഴുതി സംവിധാനം ചെയ്ത ‘കടക്ക് പുറത്ത്’ എന്ന തെരുവ് നാടകവും വേദിയില്‍ അവതരിപ്പിച്ചു. പതിനൊന്നരയോടെ എത്തിയ ജാഥാ നായകനെയും സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ദേശീയ സംസ്ഥാന നേതാക്കളെയും പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
തുറന്ന വാഹനത്തില്‍ നഗരമധ്യത്തിലൂടെ കടന്നുവന്ന യാത്രാ നായകന് റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന് പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങള്‍ സ്നേഹം പ്രകടമാക്കിയത്. റോഡിനിരുവശവും വന്‍ ജനാവലിയാണ് യാത്ര കാണാനെത്തിയത്.
സിപിഎം-ജിഹാദി ഭീകരതയ്‌ക്ക് ഇരയായവരുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കുമ്മനം രാജശേഖരനും സ്മൃതി ഇറാനിയും വേദിയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അധ്യക്ഷനായി.
അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണന്‍ ഉണ്ണിത്താനെ കുമ്മനം ആദരിച്ചു. ബിജെപി ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, എല്‍. ഗണേശ്, വി. മുരളീധരന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, പി.എം. വേലായുധന്‍, പി.കെ. ബാവ, രേണുസുരേഷ്, പുഞ്ചക്കര സുരേന്ദ്രന്‍, മുരളീധരന്‍, വെള്ളിയാകുളം പരമേശ്വരന്‍, കെ. സോമന്‍, പി.കെ. വാസുദേവന്‍, എം.വി. ഗോപകുമാര്‍, ശ്യാമള കൃഷ്ണകുമാര്‍, കെ.ജി. കര്‍ത്ത, സജു കുരുവിള, സതീഷ് ചെറുവല്ലൂര്‍,ഡി. വിനോദ് കുമാര്‍, അജി. ആര്‍. നായര്‍, പ്രമോദ് കാരയ്‌ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















