കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി തൊടുപുഴ താലൂക്കിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കൊക്കെ ആവേശവും ആത്മവിശ്വാസവും പ്രദാനം ചെയ്തുവന്ന നല്ലാനിക്കല്‍ രാമകൃഷ്ണന് േചട്ടന് കഴിഞ്ഞ ദിവസം അന്തരിച്ചത് വന്‍ നഷ്ടബോധമാണ് സൃഷ്ടിച്ചത്.
ആദ്യകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട് അതിനു കരുത്തുനല്കിവന്ന പ്രമുഖരില്‍ അദ്ദേഹവും പെട്ടിരുന്നു. തൊടുപുഴ മുട്ടത്തിനടുത്ത് നേതാവായിരുന്ന അദ്ദേഹം, 1967 വരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തു പകര്‍ന്നതും എന്കെആര്കെ എന്ന രാമകൃഷ്ണന്ചേട്ടന്തന്നെ. എന്നാല്‍ 1967 ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇഎംഎസിന്റെ കരടക രാഷ്ട്രീയനയം മുസ്ലിംലീഗുമായി കൂട്ടുചേര്‍ന്ന് സപ്തകക്ഷി മുന്നണിയുണ്ടാക്കിയത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മതവിരുദ്ധ നിലപാടിന് യോജിക്കാത്തതായി കണ്ട അദ്ദേഹവും സമാനമനസ്കരായ സുഹൃത്തുക്കളും പൊതുരംഗത്തു നിഷ്ക്രിയരായിത്തുടങ്ങി.
കര്‍തൃത്വശേഷി തുടിച്ചുനിന്ന അവര്‍ക്കു മുമ്പില്‍ ഇനിയെന്ത് എന്ന പ്രശ്നം സജീവമായി വന്നപ്പോഴാണ് ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്ട് നടന്നത്. അതദ്ദേഹത്തെയും കൂട്ടരെയും ക്രമേണ ഹിന്ദുത്വചിന്താഗതിയോടടുപ്പിച്ചു, അഥവാ തലമുറകളായി ജനിതക ഘടകങ്ങളില്‍ ഉറച്ചുകിടന്ന ഹിന്ദുത്വബോധം ഉണര്‍ന്നു കരുത്താര്‍ജിച്ചു. ഏതാനും കിലോമീറ്റര്‍ അകലെ തൊടുപുഴ ടൗണിലും കുടയത്തൂരിലും മറ്റും ഉണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായ സ്വയംസേവകരുമായി സമ്പര്‍ക്കം പുലര്‍ത്തി, മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ കുട്ടിക്കരണങ്ങളും ട്രപ്പീസ് അഭ്യാസങ്ങളും അനുദിനം അരോചകങ്ങളാകുകയും അടിയന്തരാവസ്ഥയിലെ ആണും പെണ്ണുംകെട്ട രാഷ്ട്രീയ നിലപാടുകള്‍ തന്റെ ഭാവിയെന്തെന്നുറച്ച തീരുമാനമെടുക്കാന്‍ കാരണമാവുകയും ചെയ്യു.
ആദ്യം കിസാന്‍സംഘത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ചുകൊണ്ടാണ് രംഗത്തുവന്നത്. ഗണവേഷം ധരിച്ചുകൊണ്ടുതന്നെ ശാഖയില്‍ പോകാറുണ്ടായിരുന്ന അദ്ദേഹം അക്കാര്യത്തില്‍ സ്വയംസേവകര്‍ക്കു മാതൃകയായി. സംഘസംബന്ധമായ കാര്യങ്ങള്‍ക്ക് എപ്പോള്‍ എവിടെ പോകാനും അദ്ദേഹം സന്നദ്ധനായിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാ അധ്യക്ഷനായി പ്രവര്‍ത്തിച്ച കാലം തൊടുപുഴയില്‍ അതിന്റെ സുവര്‍ണകാലത്തിന്റെ തുടക്കമായി. വ്യക്തിപരമായ നിത്യകാര്യങ്ങളിലും സംഘടനാപരമായ കാര്യങ്ങളിലും കര്‍ശനമായ കൃത്യനിഷ്ഠ പാലച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.
വേദാനന്ദസരസ്വതിസ്വാമികള് പെരുമ്പിള്ളിച്ചിറയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന 80-കളിലും തൊണ്ണൂറുകളിലും അതിലും അദ്ദേഹം സജീവമായി. ആ ക്ഷേത്രം വിശ്വഹിന്ദു പരിഷത്തിന് നല്കാന് സ്വാമിജി ആഗ്രഹിച്ചപ്പോള്‍ അതേറ്റെടുക്കാനും തത്സംബന്ധമായ നിയമപ്രക്രിയകള്ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും രാമകൃഷ്ണന് ചേട്ടന്‍തന്നെ മുന്നില്‍ നിന്നു. അയോധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനകാലത്തു താലൂക്കില്‍ രഥയാത്രകള്‍ സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഒരിക്കലും തളരാത്ത ആവേശത്തോടെ സഹപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കിവന്ന അത്താണിയായി അദ്ദേഹം നിലകൊണ്ടു.
കഴിഞ്ഞവര്‍ഷം സഹസ്രചന്ദ്രദര്‍ശനം കഴിഞ്ഞ വേളയില്‍ തൊടുപുഴയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരിക്കാനായി കുടയത്തൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടത്തിയ സംഗമം അങ്ങേയറ്റത്തെ ആത്മീയാനന്ദം നല്‍കുന്നതായിരുന്നു. ജീവിതസായാഹ്നത്തിലും ചാരം മൂടാത്ത കനല്‍ക്കട്ടയായി കഴിയാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കേ കഴിയൂ.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായി കഴിഞ്ഞ രാമകൃഷ്ണന് ചേട്ടനെ അനുസ്മരിക്കുമ്പോള്‍ മറ്റൊരു വിഷയം പരാമര്‍ശിക്കുന്നതു അനുചിതമാവില്ലെന്നു തോന്നുന്നു. പത്തു ദിവസംമുമ്പ് അസാധാരണനായൊരു സന്ദര്ശകന് വീട്ടിലെത്തിയത് ഒട്ടേറെ പഴയ കാര്യങ്ങള്‍ വീണ്ടും അനുസ്മരിക്കാന്‍ അവസരം തന്നു. സന്ദര്ശകന് ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനും എന്റെ പുത്രന് അനുനാരായണന്റെ സുഹൃത്തുമായ ഉല്ലേഖ് ആണ്. അദ്ദേഹം തലശ്ശേരിക്കാരനും മുന്‍ സിപിഎം പാര്‍ലമെന്റംഗവുമായ പാട്യം ഗോപാലന്റെ മകനുമാണ്. പാട്യം ഗോപാലനെപ്പറ്റി പംക്തികളില്‍ പലതവണ പരാമര്‍ശം വന്നിട്ടുണ്ട്.
കേരളത്തിലെ മാര്‍ക്സിസ്റ്റ്-സംഘ സംഘര്‍ഷങ്ങളെപ്പറ്റി ഒരു ആധികാരിക ഗ്രന്ഥം തയ്യാറാക്കാന്‍ ഉല്ലേഖ് ഒരു പ്രസിദ്ധ വിദേശ പുസ്തക പ്രസിദ്ധീകരണശാലയുടെ നിയോഗമനുസരിച്ച് ശ്രമിക്കുകയാണ്. പത്തിരുപതു വര്‍ഷക്കാലം കണ്ണൂര്‍ ജില്ലയില്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രചാരകനായി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍ എന്ന് അനുവില്‍നിന്ന് മനസ്സിലായപ്പോള്‍ മുതല്‍ ഈ സന്ദര്‍ശനത്തിന് അദ്ദേഹം ഒരുങ്ങുകയായിരുന്നു. ഉല്ലേഖ് അച്ഛനെപ്പോലെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്നവനാണെന്ന വിശ്വാസത്തില്‍ ഒന്നും മറച്ചുവെയ്ക്കാതെ തുറന്നുതന്നെ ഞാന്‍ സംവദിച്ചു.
സംഘപ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയ കാലം മുതല്‍ കമ്യൂണിസ്റ്റുകാര്‍ അസഹിഷ്ണുക്കളായിരുന്നുവെന്നും 1947 അവസാനം തിരുവനന്തപുരത്തും 1952 ല്‍ ആലപ്പുഴയിലും ശ്രീ ഗുരുജി പങ്കെടുത്ത പൊതുപരിപാടികളില്‍ അവര്‍ ആക്രമണം നടത്തിയെന്നും ഞാന്‍ വിവരിച്ചു. തിരുവനന്തപുരത്ത് ആക്രമണത്തില്‍ പങ്കെടുത്ത വിദ്യാര്ത്ഥിനേതാക്കളായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും സി.വി. സുബ്രഹ്മണ്യനും എസ്. വെങ്കിട്ടരമണനും പിന്നീട് ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന ബ്യൂറോക്രാറ്റുകളുടെ നിരയിലെത്തിയെന്നു ഞാന്‍ ചൂണ്ടിക്കാട്ടി. അതേസമം ആലപ്പുഴയിലെ ആക്രമണത്തില്‍ പങ്കെടുത്ത രണ്ടുപേരെങ്കിലും പിന്നീട് സംഘത്തില്‍ ചേരുക മാത്രമല്ല ദീര്‍ഘകാലം പ്രചാരകന്മാരാകുകയും ചെയ്തു.
1955 കാലത്ത് പട്ടാമ്പിയിലും പരിസരങ്ങളിലും സംഘപ്രവര്‍ത്തനം വ്യാപിച്ചുവന്നപ്പോള് കമ്യൂണിസ്റ്റ് നേതാവ് കെ.പി. തങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടന്നതും അവിടെ പ്രചാരകനായിരുന്ന വി. ശ്രീകൃഷ്ണശര്മ്മയ്ക്ക് അതീവഗുരുതരമായി പരിക്കേറ്റതും, കണ്ണൂരുമായി ബന്ധമില്ലാത്തതും സംഘത്തെ വളരാന്‍ അനുവദിക്കില്ലെന്ന കമ്യൂണിസ്റ്റ് ശാഠ്യത്തിന്റെ ഫലവുമായിരുന്നുവെന്നു ഞാന്‍ വ്യക്തമാക്കി.
പട്ടാമ്പിയിലെ അസ്വാസ്ഥ്യങ്ങളെക്കുറിച്ച് അന്നത്തെ മദിരാശി സര്‍ക്കാര്‍ രാമന് നമ്പീശന് എന്ന ന്യായാധിപനെ കമ്മീഷണറാക്കി അന്വേഷണം നടത്തിയിരുന്നു. കേരള സംസ്ഥാന രൂപീകരണശേഷം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കലാപത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെത്തന്നെയാണ് കുറ്റപ്പെടുത്തിയത്.
ഗാന്ധിവധത്തെത്തുടര്‍ന്ന്, തലശ്ശേരിയില്‍ പ്രചാരകനായിരുന്ന പി.മാധവന് താമസിച്ചിരുന്ന വീട്ടില്‍ എന്‍.ഇ. ബാലറാമിന്റെ നേതൃത്വത്തില്‍ ഒരു സംഘം കമ്യൂണിസ്റ്റുകാര്‍ ആകമിച്ചുകയറുകയും തുടര്‍ന്നുണ്ടായ ക്രിമിനല്‍കേസില്‍ അവരൊക്കെ ശിക്ഷിക്കപ്പെടുകയും ചെയ്തതും ഉല്ലേഖിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഞാന്‍ പ്രചാരകനായി കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്ന കാലത്ത് ഏറ്റുമുട്ടലുകള്‍ നടന്നില്ല എന്നു മാത്രമല്ല മിക്ക പാര്‍ട്ടി നേതാക്കളുമായി സമ്പര്‍ക്കവും ആശയവിനിമയവും നടന്നിരുന്ന കാര്യവും അറിയിച്ചു.
പാട്യം ഗോപാലന് ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്, ധര്‍മ്മടത്ത് നടത്തിയ ഒരു വിദ്യാര്‍ത്ഥി ചര്ച്ചാസദസില് പങ്കെടുത്തതും, അതിന് നേതൃത്വം നല്കിയ മാധവജിയുമായി ആശയവിനിമയം ചെയ്തതും, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് മാധവജിക്കുണ്ടായിരുന്ന അറിവിനെ അംഗീകരിച്ചുകൊണ്ട് കൂടുതല്‍ പഠിച്ചശേഷം ചര്‍ച്ചയ്ക്കു വരാമെന്നു പറഞ്ഞ് പിരിഞ്ഞതും മറ്റും ഉല്ലേഖിന് കൗതുകകരമായി.
അടിയന്തരാവസ്ഥക്കാലത്ത് അന്ന് കണ്ണൂരിലെ സംഘടനാ കാര്യദര്‍ശിയായിരുന്ന കെ. കുഞ്ഞിക്കണ്ണനു (ഇന്ന് തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്)മൊത്ത് പാട്യത്തിന് സമീപം ഒരു രഹസ്യകേന്ദ്രത്തില്‍ ഗോപാലനെ കാണാന്‍ പോയതു പറഞ്ഞപ്പോഴും ഉല്ലേഖിന് കൗതുകമായി.
സി.എച്ച്. കണാരന്, കെ.പി.ആര്. ഗോപാലന്, എം.കെ. കേളുവേട്ടന്, ബാലറാം തുടങ്ങിയ അക്കാലത്തെ (50-60 കാലത്തെ) പ്രമുഖ നേതാക്കളുമായി സംവദിക്കാന്‍ അവസരങ്ങളുണ്ടായതും ആശയപരമായി എതിര്‍പ്പിലാണെങ്കിലും വ്യക്തിപരമായി സൗഹാര്‍ദ്ദം പുലര്‍ത്തിവന്നതും വിവരിച്ചു. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന അദ്ദേഹത്തിന്റെ അന്വേഷണത്തിന് സമാധാനമായില്ലേ?.
അത് 1967 ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗുമായി മുന്നണിയുണ്ടാക്കിയതും കൊയിലാണ്ടിയിലേക്ക് ഇഎംഎസ് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ തീര്‍ത്ഥാടനം നടത്തിവന്നതും, ലീഗ് വര്‍ഗീയതയോട് ഒത്തുതീര്പ്പുണ്ടാക്കിയതിനോടു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ രോഷമുണ്ടാക്കിയതും ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് ജനസംഘ സമ്മേളനത്തിന്റെ പ്രചാരണത്തിനും പ്രതിനിധികളെ തയ്യാറാക്കാനുമായി ഓരോ ഗ്രാമത്തിലും പോകുമ്പോള്‍ ജനസംഘ പ്രവര്‍ത്തകര്‍ ധാരാളം മാര്‍ക്സിസ്റ്റ് യുവസുഹൃത്തുക്കളെ കൊണ്ടുവരുമായിരുന്നു. അവരില്‍ പലരും തങ്ങളുടെ പാര്‍ട്ടി കാര്‍ഡുകളും ഏല്‍പ്പിച്ചിരുന്നു. അങ്ങിനത്തെ ഡസന്‍കണക്കിന് കാര്‍ഡുകള്‍ ജനസംഘ കാര്യാലയങ്ങളില്‍ സൂക്ഷിച്ചിരുന്നു.
ഇപ്രകാരം മാര്‍ക്സിസ്റ്റ് അണികളില്‍നിന്ന് ജനസംഘത്തിലേക്കു വന്നുകൊണ്ടിരുന്ന മുന്‍സഖാക്കളെ തടയുവാനുള്ള മാര്‍ക്സിസ്റ്റ് ശ്രമങ്ങളാണ് അക്രമങ്ങളുടെ തുടക്കത്തിനിടയാക്കിയത്. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തില്‍ മാര്‍ക്സിസ്റ്റ് നേതൃത്വം കൈക്കൊണ്ട സമീപനവും അണികളില്‍ വ്യാപകമായ അതൃപ്തിയുണ്ടാക്കി.
നിരോധിക്കപ്പെട്ടിരുന്ന സംഘത്തിന്റെ പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥക്കാലത്ത് നടത്തിയ പ്രചാരണങ്ങളും സാഹസികവും അച്ചടക്കപൂര്‍ണവുമായ സത്യഗ്രഹങ്ങളും കുരുക്ഷേത്ര പോലുള്ള പ്രസിദ്ധീകരണങ്ങളും അവരെ ആകര്‍ഷിച്ചു. അങ്ങനെ സംഘപ്രസ്ഥാനങ്ങളിലേക്കു ആകര്‍ഷിക്കപ്പെട്ട മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തടയാന്‍ പാര്ട്ടിക്കാര് നടത്തിയ അക്രമാസക്തമായ നീക്കങ്ങളാണ് കണ്ണൂര്‍ ജില്ലയിലെ ഹിംസാത്മക സംഘട്ടനങ്ങള്‍ എന്ന നിലപാട് ഉല്ലേഖിനെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ വിശദീകരണം അദ്ദേഹത്തിന്റെ ഗ്രന്ഥരചനയെ എത്രത്തോളം സ്വാധീനിക്കുമെന്നു പറയാന്‍ വയ്യ. വളരെ സംസ്കാരസമ്പന്നമായ പെരുമാറ്റരീതിയും സൗഹാര്ദ്ദപൂര്ണമായ സംഭാഷണവും തികഞ്ഞ തലശ്ശേരി മട്ടിനെ ഓര്‍മ്മിപ്പിച്ചുവെന്നു പറയാതെ വയ്യ. തുടക്കത്തില്‍ പറഞ്ഞപോലെ രാമകൃഷ്ണന് ചേട്ടനെ കമ്യൂണിസം വിടാന്‍ പ്രേരിപ്പിച്ച ചേതോവികാരങ്ങള്‍ കാട്ടിയ കണ്ണൂരിലെ മുന്‍ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുന്ന ഹിംസാത്മക നടപടിയാണ് സംഘര്‍ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: