മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. അന്തിമ കണക്ക് പ്രകാരം 72.12 ശതമാനമാണ് പോളിങ് നടന്നത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ശതമാനമാണിത്. ഉയര്‍ന്ന പോളിങ് ശതമാനത്തെക്കുറിച്ച് മനപ്പായസമുണ്ട് കഴിയുകയാണ് മുന്നണികള്‍. പി.കെ.കുഞ്ഞാലിക്കുട്ടി 40,259 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലേതിനേക്കാള്‍ 2,577 വോട്ടര്‍മാര്‍ കൂടുതലായി ഈ വോട്ട് ചെയ്തു. കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 8,553 വോട്ടുകള്‍ കൂടി. ഇത്തവണ 1,22,610 പേരാണു വോട്ട് ചെയ്തത്.
10000ത്തിന് മുകളിലേക്ക് വോട്ട് ഉയരുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. വോട്ടര്‍മാര്‍ നല്ല രീതിയില്‍ പ്രതികരിച്ചിട്ടുണ്ടെന്നാണു പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 7,055 വോട്ടുകളാണു ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പി.ടി.ആലിഹാജി നേടിയത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇത് 5,952 ആയി.
കെ.എന്‍.എ.ഖാദറിന് 30,000നു മുകളില്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. പോളിങ് കൂടിയത് ഒരുപരിധിവരെ ഗുണം ചെയ്യുമെന്നും സോളര്‍ വിവാദത്തില്‍ യുഡിഎഫ് നേതാക്കളെ കുടുക്കിയതിനെതിരെ വോട്ടര്‍മാരുടെ ആത്മരോഷം വോട്ടില്‍ പ്രതിഫലിക്കുമെന്നും നേതാക്കള്‍ അഭിപ്രായമുയര്‍ന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പി.പി.ബഷീര്‍ 5,000ല്‍ അധികം വോട്ടെങ്കിലും കൂടുതലായി പിടിക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. 34,124 വോട്ടുകളാണു കഴിഞ്ഞ തവണ ബഷീര്‍ നേടിയത്. പുരുഷന്മാരേക്കാള് സ്ത്രീകള്‍ കൂടുതലായി വോട്ട് ചെയ്തത് എല്‍ഡിഎഫിന് അനുകൂലമായി ഭവിക്കുമെന്ന വിലയിരുത്തലാണു നേതൃത്വത്തിന്റേത്. വോട്ടിങ് ദിനത്തില്‍ പുറത്തുവന്ന സോളര്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ
നാളെ രാവിലെ എട്ടിന് തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: