തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണുനീര്‍ കോരല്‍ ചടങ്ങ് നടന്നു. തുലാമാസത്തില്‍ അത്തം നാളില്‍ കൊടിയേറി തിരുവോണം ആറാട്ടായാണ് ഉത്സവം നടക്കുക. ഉത്സവത്തിന് രാജകുടുംബത്തിന്റെ ആജ്ഞ കിട്ടുമ്പോഴാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. മണ്ണുനീരുകോരല്‍ ആണ് ആദ്യം നടക്കുക. ആഴാന്തി ഗണേശ് വാദ്യമേളങ്ങളും അഷ്ടമംഗലത്തോടും ഒപ്പം സ്വര്‍ണ്ണക്കുടമേന്തി മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നിന്ന് മണ്ണുനീര്‍ കോരി നവധാന്യമുളപൂജയ്‌ക്കായി ക്ഷേത്രം ശ്രീകോവിലില്‍ കൊണ്ടുവന്ന് തന്ത്രി യെ ഏല്പിച്ചു. നവധാന്യമുള ബ്രഹ്മകലശപൂജയ്‌ക്കായി എടുക്കും. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ കെ. ഹരിപാല്‍ (ജില്ലാ ജഡ്ജി), ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍, ഭരണസമിതി അംഗം എസ്. വിജയകുമാര്‍(സിഎ), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് ബാബു, മാനേജര്‍ ബി. ശ്രീകുമാര്‍, ശ്രീകാര്യം എസ്. നാരായണയ്യര്‍, ഗിരീശന്‍ പോറ്റി, പിആര്‍ഒ ഡി. അച്യുതന്‍ എന്നിവരും മറ്റുജീവനക്കാരും പങ്കെടുത്തു.
















