മുഹമ്മ: എസ്ഡിപിഐക്കാര്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.എം. ഹനീഫ്, ഡിവൈഎഫ്‌ഐക്കാരായ അന്‍ഷാദ്, സന്ദീപ്, മനോജ്, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ അമ്പനാകുളങ്ങരയിലെ ആപ്പൂര് ജംഗ്ഷനിലാണ് സംഭവം. ഇവിടെ ഡിവൈഎഫ്‌ഐ സ്ഥാപിച്ചിരുന്ന ചെഗുവേരയുടെ വലിയ ഫഌക്‌സ് ബോര്‍ഡ് വ്യാഴാഴ്ച എസ്ഡിപിഐക്കാര്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുന്നതിനിടെയാണ് എസ്ഡിപിഐക്കാരനായ ആപ്പൂര് കോളനിയില്‍ താമസിക്കുന്ന ഷാഹുലിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം പ്രകടനത്തില്‍ കടന്നുകയറി ആക്രമിച്ചത്.
തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന എ.എം. ഹനീഫ് റോഡിലേക്ക് ഇറങ്ങി വന്നപ്പോള്‍ ഇദ്ദേഹത്തേയും അക്രമി സംഘം മര്‍ദിച്ചു. ചവിട്ടും അടിയുമേറ്റ ഇദ്ദേഹം താഴെവീണു.പ്രദേശവാസികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി.
















