തിരുവനന്തപുരം: അര്‍ബുദം ബാധിച്ച് പന്നിക്കരടി ചത്തതിന് പിന്നാലെ മൃഗശാലയിലെ പെണ്‍സിംഹവും ചത്തു. വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് ഐശ്വര്യ എന്ന പെണ്‍സിംഹം ചത്തത്. പതിനേഴ് വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഒരു മാസത്തോളമായി മൃഗശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2008 മെയ് 23 ന് വണ്ടലൂര്‍ മൃഗശാലയില്‍ നിന്ന് എട്ട് വയസുള്ളപ്പോള്‍ കൊണ്ടുവന്നതാണിതിനെ. മൃഗശാലയില്‍ ഇനി രണ്ട് സിംഹങ്ങളാണ് അവശേഷിക്കുന്നത്. പാലോട് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘമെത്തി പോസ്റ്റുമോര്‍ട്ടം നടത്തി. രണ്ടുമണിയോടെ മൃഗശാലവളപ്പില്‍ സംസ്‌കരിച്ചു. ഡോ സദാനന്ദന്‍, ഡോ നന്ദകുമാര്‍, ഡോ ടി.പി. ആശ എന്നിവരുള്‍പ്പെട്ട സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ബുധനാഴ്‌ച്ചയാണ് മൃഗശാലയിലെ രണ്ട് പന്നിക്കരടികളില്‍ ഒരെണ്ണം ചത്തത്. 30 വയസുള്ള രവിയെന്ന കരടിയാണ് ചത്തത്. കരളിനെ ബാധിച്ച ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1992 ല്‍ മൈസൂര്‍ മൃഗശാലയില്‍ നിന്നെത്തിയ പന്നിക്കരടിയാണിത്. മൃഗശാലയില്‍ ഇനി ഒരു പെണ്‍പന്നിക്കരടി മാത്രമാണുള്ളത്. അതേസമയം ഹൈദരാബാദില്‍ നിന്ന് ഏഷ്യന്‍ സിംഹങ്ങളെ തലസ്ഥാന മൃഗശാലയില്‍ എത്തിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ ഏഷ്യന്‍ സിംഹങ്ങള്‍ തലസ്ഥാനത്ത് എത്തും. ഇവവരുന്നതോടെ ഇവിടെയുള്ള രണ്ട് സിംഹങ്ങളെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. അവശേഷിക്കുന്ന പന്നിക്കരടിക്ക് കൂട്ടായി ഒറീസയിലെ നദാകാന്‍ മൃഗശാലയില്‍ നിന്ന് ആണ്‍പന്നിക്കരടിയെ എത്തിക്കാനുള്ള നടപടിയും പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു.
















