മാര്‍ത്താണ്ഡം: മാര്‍ത്താണ്ഡം ആര്‍ടി ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍ കൊള്ളിക്കാതെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വച്ചിരുന്ന 2.06 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ വ്യാപകമായി ആര്‍ടി ഓഫീസുകളില്‍ കഴിഞ്ഞദിവസം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് കോഴിപ്പോര്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലും വിജിലന്‍സ് ഡിവൈഎസ്പി ഹെക്ടര്‍ ധര്‍മരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തിന് കാണാന്‍ സാധിച്ചത് ഓഫീസിനുള്ളില്‍ ഇടനിലക്കാരുടെ വന്‍തള്ളാണ്. ഇവിടെ വാഹന ഉടമകളെ ഒരു കാര്യത്തിനും ഓഫീസിനുള്ളില്‍ പ്രവേശിപ്പിക്കാറില്ല. പണം നല്കിയാല്‍ ലൈസന്‍സ്, ഫിറ്റ്‌നസ് തുടങ്ങിയവയെല്ലാം യാതൊരു പരിശോധനയുമില്ലാതെ ലഭിക്കും. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് ഇടനിലക്കാരെയും പിടികൂടി ചോദ്യംചെയ്തു. ആര്‍ടിഒ മുരുകനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. പരിശോധനാരേഖകള്‍ ചെന്നൈയിലേക്ക് അയച്ച് വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടത്തേക്ക് സ്ഥലമാറ്റം ലഭിക്കാന്‍ 25 ലക്ഷം രൂപ വരെ കൈക്കൂലി കൊടുക്കേണ്ടിവരുന്നതായാണ് പറയുന്നത്.
















