മഞ്ചേരി: മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും താവളമായി മാറുന്നു.
കെട്ടിടത്തിന്റെ ഒന്നാംനിലയും കോണിക്കൂടുകളും കേന്ദ്രീകരിച്ചാണ് ലഹരി, ലോട്ടറി മാഫിയകളുടെ വിളയാട്ടം. ലഹരി വസ്തുക്കളുടെ വിപണനവും ഉപഭോഗവും പുകവലിയും ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടവും പട്ടാപകല്‍ പോലും പരസ്യമായി നടന്നു വരുന്നു.
ഇരുട്ടിന്റെ മറവില്‍ അനാശാസ്യവും ഗോവണികളില്‍ മലമൂത്ര വിസര്‍ജ്ജനവും വ്യാപകമാണ്. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ കൂട്ടം നില്ക്കുന്നതും പുകവലിക്കുന്നതും എന്നത് ഏറെ ആശങ്കാജനകമാണ്.
രണ്ട് പോലീസ് എയ്ഡ് പോസ്റ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. എന്നാല്‍ താഴെ നിലയിലെ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് നാളുകളേറെയായി.
മുകളില്‍ ട്രാഫിക് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുവെങ്കിലും സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെ ഏറ്റുമുട്ടുന്നത് നിത്യ സംഭവമാണ്.
കെട്ടിത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നും സാമൂഹിക വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുരിക്കള്‍ സ്മാരക സൗധത്തിലെ വ്യാപാരികള്‍ ഇന്നലെ മഞ്ചേരി എസ്ഐക്കും സിഐക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: