പാറശ്ശാല: ജംഗ്ഷന് സമീപം ദുര്‍ഗന്ധം വമിക്കുന്ന ലോറി പാര്‍ക്ക് ചെയ്തത് നാട്ടുകാരെ ദുരിതത്തിലാക്കി. കഴിഞ്ഞദിവസം രാവിലെ ഇഞ്ചിവിളയ്‌ക്ക് സമീപം മാലിന്യങ്ങളുമായെത്തിയ ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങുകയായിരുന്നു. ലോറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി വാഹനം മാറ്റി കൊണ്ട് പോകവെ പാറശ്ശാല ജംഗ്ഷന് സമീപം വാഹനം തകരാറിലായി. തുടര്‍ന്ന് മിനിലോറി സഞ്ചു ആശുപത്രിക്ക് സമീപം പോലീസ് പാര്‍ക്ക് ചെയ്യുകയായിരുന്നു.
രൂക്ഷഗന്ധത്തെത്തുടര്‍ന്ന് സമീപത്തെ വ്യാപാരികളും സ്‌കൂള്‍ കുട്ടികളും സഞ്ചു ആശുപത്രിയിലെ രോഗികളും രാത്രിയില്‍ സംഘടിച്ചെത്തി പരാതി നല്കിയെങ്കിലും രാത്രി വൈകിയും നടപടിയെടുത്തില്ല. ലോറിയിലുള്ള മാലിന്യം കുഴിച്ചുമൂടാന്‍ സ്ഥലം കണ്ടെത്തി നല്കിയാല്‍ മാറ്റാമെന്നായി പോലീസ് നിലപാട്. ശേഷം സിഐയുടെ നേതൃത്വത്തില്‍ വാഹനം രാത്രി എട്ടരയോടെ കാരാളി വളവില്‍ റോഡ് വശത്തേക്ക് മാറ്റി. പ്രദേശവാസികളെത്തി ലോറി മാറ്റണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പോലീസ് തയ്യാറാകാത്തതോടെ ജനം ദേശീയപാത ഉപരോധിച്ചു. ഉപരോധം അരമണിക്കൂര്‍ നീണ്ടതോടെ പോലീസ് പ്രതിഷേധക്കാരെ തള്ളിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ലോറി മാറ്റാതെ പോകാന്‍ അനുവദിക്കില്ലെന്ന് നിലപാട് നാട്ടുകാരും ശക്തമാക്കി. ഒന്‍പത് മണിയോടെ പോലീസ് മണ്ണുമാന്തി വരുത്തി ലോറി കെട്ടിവലിച്ചു മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുകയായിരുന്നു. കേരളത്തില്‍ നിന്ന് ശേഖരിച്ച മത്സ്യമാലിന്യങ്ങള്‍ തമിഴ്‌നാട്ടിലേക്ക് അധികൃതര്‍ കടത്തിവിടാത്തതാണ് ഉപേക്ഷിച്ച് പോകുന്നതിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു.
















