വടക്കഞ്ചേരി:ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത നിര്‍മ്മാണത്തൊഴിലാളികള്‍ സമരത്തില്‍. ഇതോടെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം, പിഎഫ് എന്നിവ കമ്പനി അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികളായ 102 പേരാണ് ഇപ്പോള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച സമരം ആരംഭിച്ചെങ്കിലും ഇന്നലെ പകല്‍ 12 മണിയോടു കൂടി ശമ്പളം നല്‍കാമെന്ന് പറഞ്ഞതോടെ സമരത്തിന്റെ തീവ്രത കുറഞ്ഞു.ബുധനാഴ്ച 12 മണിയായിട്ടും ശമ്പളം കിട്ടാതെ വന്നതോടെ തൊഴിലാളികള്‍ സമരം ശക്തമാക്കുകയായിരുന്നു.കരാര്‍ കമ്പനിയായ കെഎന്സിയുടെ ഓഫീസ് തൊഴിലാളികള്‍ ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
നിര്‍മ്മാണ സാമഗ്രികളും മറ്റും റോഡില്‍ നിരത്തി കമ്പനി ഓഫീസിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. ഓഫീസിലെത്തിയ തൊഴിലാളികള്‍ പ്രകോപനപരമായി സംസാരിക്കുകയും ഓഫീസിലെ ജനറേറ്റര്‍ ഓഫാക്കുകയും ചെയ്തു.കരാര്‍ കമ്പനി അധികൃതര്‍ തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല. ശമ്പളം കിട്ടണമെന്ന നിലപാടില്‍ ഉറച്ച നിലപാടിലാണ്.
ഇതിനിടെ 95 പേര് ഒപ്പിട്ട രാജിക്കത്ത് നല്‍കുകയും ചെയ്തു.ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 65 തൊഴിലാളികള്‍ രാജിവച്ച് തിരികെ പോയിരുന്നു.അവര്‍ക്ക് മുഴുവന്‍ തുകയും നല്കുകയുണ്ടായി.ഇത്തരത്തില്‍ തങ്ങളുടെ ശമ്പള കുടിശ്ശികയും തീര്‍ത്താല്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുമെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ ദീപാവലിക്ക് മുമ്പ് ഒരു മാസത്തെ ശമ്പളം നല്‍കാമെന്നാണ് കരാര്‍ കമ്പനിയുടെ വാദം.
ഇത് അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാല്ല. വിവിധ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുന്നവരും സൂപ്പര്‍വൈസര്‍ തസ്തികയിലുള്ളവരാണ് ഇപ്പോള്‍ സമരത്തില്‍. ഇതിന് പുറമെ ലോറി,ടിപ്പര്‍ ഡ്രൈവര്‍മാരും സമരരംഗത്തെത്തി.കരാര്‍ കമ്പനിയുടെ കടുത്ത അനാസ്ഥയെ തുടര്‍ന്ന് ദേശീയപാതാ നിര്‍മ്മാണം പൂര്‍ണ്ണമായി നിലച്ചതിനാല്‍ വലിയ ഗതാഗത കുരുക്കായിരിക്കും വരും ദിനങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: