പെരിന്തല്‍മണ്ണ: ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും ബസുകളിലും നിന്ന് പഴ്സും പണവും മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ പെരിന്തല്‍മണ്ണ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കോഴിക്കോട് മാങ്കാവ് സ്വദേശി വാളാക്കരപ്പാടം വീട്ടില്‍ ഷാജി(52), ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുത്തന്‍ വീട്ടില്‍ കുഞ്ഞുമോന്(42), നിലമ്പൂര്‍ ചുങ്കത്തറ പയ്യശ്ശേരി വീട്ടില്‍ മുജീബ് റഹ്മാന്(40) എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനിടയില്‍ പണവും പഴ്സും രേഖകളും നഷ്ടപ്പെട്ടെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു ഇവരുടെ അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തതോടെയാണ് സംസ്ഥാനത്ത് നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ടെന്ന് വ്യക്തമായത്. തൃശൂര്‍, പാലക്കാട് റെയില്‍വേ പൊലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ട്. ബാഗുകളോ, പഴ്സോ കണ്ടാല്‍ ഇവര്‍ സംഘമായി കൃത്രിമ തിരക്കുണ്ടാക്കും. ഇതിനിടയില്‍ മോഷണം നടത്തും. പിന്നീട് പലവഴിക്ക് തിരിഞ്ഞ് പ്രത്യേക സ്ഥലങ്ങളില്‍ ഒത്തു ചേര്‍ന്ന് മോഷണ മുതല്‍ പങ്കുവെയ്ക്കുകയാണ് പതിവ്. കൂടുതല്‍ പരാതികള്‍ക്ക് തുമ്പുണ്ടാക്കാന്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ ടി.എസ്.ബിനു, എസ്ഐ വി.കെ.കമറുദ്ദീന്, ടൗണ്‍ ഷാഡോ ടീം ഉദ്യോഗസ്ഥരായ പി.എന്‍.മോഹനകൃഷ്ണന്, എം.മനോജ് കുമാര്‍, പ്രഫുല്‍, സി.പി.മുരളി, ദിനേശ് കിളക്കേകര, അനീഷ് പൂളക്കല്‍, പ്രമോദ്, അനീഷ് ചെറുകാട്, ഗോപാലകൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: