Categories: Travel

ശ്രീപര്‍വ്വതത്തിന് മുകളില്‍ മല്ലികാര്‍ജ്ജുനന്‍

Published by

ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലുള്ള മല്ലികാര്‍ജ്ജുന ക്ഷേത്രം. നല്ലമലൈ എന്ന മലയുടെ ഏറ്റവും മുകളിലെ പരന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണാനദിയുടെ വലതുകരയിലാണ് ക്ഷേത്രം. അനുഗൃഹീതമായ ഈ മലയും നിരവധി പേരുകളില്‍ അറിയപ്പെടുന്നു. സിരിധന്‍, സിരിഗിരി, ശ്രീഗിരി, ശ്രീപര്‍വത, ശ്രീനാഗം എന്നെല്ലാം മലയ്‌ക്ക് പേരുണ്ട്.

പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മല്ലികാര്‍ജ്ജുന സ്വാമിയുടേത്. ദേവി ഭ്രമരംബാദേവി- പതിനെട്ട് മഹാശക്തി പ്രതിഷ്ഠകളില്‍ ഒന്നാണ്. ദേവന്റേയും ദേവിയുടേയും സ്വയംഭൂ പ്രതിഷ്ഠകളാണ്. ജ്യോതിര്‍ലിംഗവും മഹാശക്തിയും ഒരേ സ്ഥലത്ത് ഉണ്ടാകുന്നതും അത്യപൂര്‍വമത്രെ.

ഓരോ ഭക്തനും ഭക്തയ്‌ക്കും ശ്രീകോവിലില്‍ കയറി അഭിഷേകവും അര്‍ച്ചനയും നടത്താം എന്നതാണ് ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷത. ജാതിയോ മതമോ വര്‍ഗമോ ഒന്നും പ്രശ്‌നമല്ല. ക്ഷേത്രത്തിലെ പാരമ്പര്യപൂജാരിമാര്‍ മന്ത്രജപങ്ങളുമായി അവിടെയൊക്കെത്തന്നെ ഉണ്ടാവും.

ശിലാദമഹര്‍ഷിയുടെ മകനായ പര്‍വതന്‍ കഠിന തപസ്സനുഷ്ഠിച്ച് ശിവനെ പ്രീതിപ്പെടുത്തി, ഭഗവാന്‍ തന്റെ ശരീരത്തില്‍ തന്നെ ജീവിച്ചുകൊള്ളാം എന്ന വാഗ്ദാനം നേടി. പര്‍വതന്‍ വലിയ ഒരു മലയുടെ രൂപം പൂണ്ട് ശ്രീപര്‍വതം എന്ന പേരില്‍ നിലകൊണ്ടു. ശിവന്‍ മല്ലികാര്‍ജുന സ്വാമിയായി മലമുകളിലും.

കൃഷ്ണാനദിയുടെ മറുകരയില്‍ ശ്രീശൈലത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ചന്ദ്രഗുപ്ത പട്ടണം ഭരിച്ചിരുന്ന ചന്ദ്രമതി എന്ന രാജകുമാരി, അച്ഛന്‍ തനിക്കെതിരെ ആയുധസന്നാഹങ്ങള്‍ ഒരുക്കുന്നതുകണ്ട് മലമുകളിലേക്ക് കയറിപ്പോയി അവിടെ താമസമാക്കി. ഏതാനും ഭൃത്യര്‍ മാത്രമായിരുന്നു കൂടെ അനുഗമിച്ചത്. . ഒരു ദിവസം അവര്‍ തന്റെ പശുക്കളില്‍ ഒന്ന് ശിവലിംഗം പോലെ തോന്നിക്കുന്ന ഒരു ചെറുപാറയ്‌ക്കു മുകളില്‍നിന്ന് അതിലേക്ക് പാല്‍ ചുരത്തി വീഴ്‌ത്തുന്നതായി കണ്ടു. പശു പാല്‍ ചുരത്തുന്നതായി കണ്ട ശില മല്ലികാര്‍ജ്ജുന സ്വാമിയുടെ സ്വയംഭൂലിംഗമാണെന്ന് അവര്‍ക്ക് സ്വപ്‌നദര്‍ശനമുണ്ടായി. അങ്ങനെ രാജകുമാരി ആ ശിവലിംഗം ആരാധിക്കുന്നത് പതിവാക്കി. ക്ഷേത്രത്തിലെ പ്രാകാരത്തിനകത്തെ ചുമരില്‍ കാണുന്ന രണ്ട് ശില്‍പ്പങ്ങള്‍ ഈ കഥയുടെ സൂചകങ്ങളാണ്.

മറ്റൊരു ഐതിഹ്യം-ഋഷിപുത്രിയായ ശ്രീ, ശിവനെ പ്രീതിപ്പെടുത്താന്‍ തപസ്സനുഷ്ഠിച്ചു. തന്റെ പേര് മല(ശൈലം)യുമായി ചേര്‍ത്തു, മല, ശ്രീശൈലം എന്നറിയപ്പെട്ടത് അങ്ങനെയാണത്രെ.

മാഘമാസത്തില്‍ മഹാശിവരാത്രിയുമായി ബന്ധപ്പെട്ടു നടത്തുന്ന ഏഴു ദിവസത്തെ ബ്രഹ്മോത്സവമാണ് പ്രധാന ഉത്സവം. നവധാന്യങ്ങള്‍ മുളപ്പിക്കല്‍, കൊടിയേറ്റ്, ദേവിയുടേയും ദേവന്റെയും എഴുന്നള്ളത്ത്, ലിംഗോദ്ഭവകല, ദേവന് മഹാരുദ്രാഭിഷേകം, കല്യാണോത്സവം, രഥോത്സവം, കൊടിയിറക്ക് എന്നിവ ഉള്‍പ്പെട്ടതാണ് ആഘോഷം.

തെലുങ്ക് നവവത്സരദിനമായ ഉഗാദി അഞ്ചുദിവസത്തെ ചടങ്ങുകളോടെ ആഘോഷിക്കുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ഇത്. ഉഗാദിക്ക് മൂന്നുദിവസം മുന്‍പുതന്നെ ആഘോഷം തുടങ്ങുന്നു.

തെലുങ്കിലെ ഏഴാം മാസമായ അശ്വീജം (സപ്തര്‍-ഒക്‌ടോബര്‍ കാലത്ത്) മാസത്തിലെ ആദ്യ ദിവസം ആരംഭിക്കുന്ന ദേവി ശരണ്ണവരത്രുലു ഉത്സവവും വളരെ പ്രധാനമാണ്. ചണ്ഡികായാഗം, രുദ്രയാഗം, ദേവിക്ക് നവദുര്‍ഗ അലങ്കാരം, കുംഭോത്സവം എന്നീ ചടങ്ങുകളുണ്ട്.

ചൈത്രമാസത്തിലെ പൗര്‍ണമി കഴിഞ്ഞുവരുന്ന ആദ്യത്തെ ചൊവ്വാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ച (ഏതാണ് ആദ്യം വരുന്നതെങ്കില്‍ അത്) വളരെ പ്രധാനമാണ്.

മകരസംക്രാന്തി ഉത്സവം, ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര, കാര്‍ത്തിക മഹോത്സവം, ശ്രാവണ നാമോത്സവം എന്നിവയും പ്രധാനമാണ്. ഗണപതിഹോമം, അഭിഷേകം, രുദ്രയാഗം, കുങ്കുമാര്‍ച്ചന, ചണ്ഡികായാഗം, കല്യാണോത്സവം, ശ്രീചക്രത്തില്‍ ലക്ഷകുങ്കുമാര്‍ച്ചന, മഹാമൃത്യുഞ്ജയ ഹോമം, നവഗ്രഹഹോമം, തിങ്കളാഴ്ചകളില്‍ മാത്രം നടത്തുന്ന രഥോത്സവം എന്നിവയാണ് പ്രധാന വഴിപാടുകള്‍. മുരുകന് ബാലാരിഷ്ട പൂജ, സര്‍പ്പദോഷ നിവാരണ പൂജ എന്നിവ നടത്താം.

കിഴക്കോട്ടഭിമുഖമായാണ് മുഖ്യദേവന്റെ പ്രതിഷ്ഠ. പ്രധാന കവാടം കടന്നാല്‍ വലിയ നന്ദിമണ്ഡപം കാണാം. നന്തിപ്രതിഷ്ഠയും വലുതാണ്. നന്ദി മണ്ഡപത്തിന് പടിഞ്ഞാറായി വീരശിരോ മണ്ഡപം. അതിനു പടിഞ്ഞാറായി മുഖമണ്ഡപം. ഇതിന് തെക്കു പടിഞ്ഞാറായി നാലു കൈകളുള്ള രത്‌നഗര്‍ഭ ഗണപതി. വടക്കുപടിഞ്ഞാറ് വീരഭദ്രന്റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകള്‍. വനവാസകാലത്ത് പാണ്ഡവന്മാര്‍ പ്രതിഷ്ഠ നടത്തിയതാവാം അഞ്ച് ശിവലിംഗങ്ങള്‍ ഉള്ള പാണ്ഡവ പ്രതിഷ്ഠാ ക്ഷേത്രം. കൂടാതെ അര്‍ദ്ധനാരീശ്വര ക്ഷേത്രമുണ്ട്. സഹസ്രലിംഗേശ്വരന്‍, വീരഭദ്രന്‍, ഉമാമഹേശ്വരന്‍, ശ്രീ വൃദ്ധമല്ലികാര്‍ജ്ജുനന്‍ എന്നീ ക്ഷേത്രങ്ങളുമുണ്ട്.

അതിശീഘ്രദര്‍ശനം, സ്‌പെഷ്യല്‍ ക്യൂ ലൈന്‍ ദര്‍ശനം, മഹാമംഗള ആരതി എന്നീ ദര്‍ശനങ്ങള്‍ക്ക് പ്രത്യേക ടിക്കറ്റുകള്‍ ഉണ്ട്.രാവിലെ 8 മണിക്ക് നട തുറന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് അടയ്‌ക്കും. വൈകിട്ട് 6 ന് തുറന്ന് 8.30 ന് അടയ്‌ക്കും.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts