വേണ്ടിവന്നാല്‍ ഉത്തരകൊറിയയെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വേണ്ടുന്നതും വേണ്ടാത്തതും ട്രംപാണ് തിരിച്ചറിയുന്നത്! ക്ഷമകെട്ടുവെന്നാണ് ട്രംപ് പറയുന്നത്. ക്ഷമകെട്ടാല്‍ യുദ്ദമാണോ എന്നു ചോദിക്കുന്നവരുണ്ടാകാം. രണ്ടു യുദ്ധ ഭ്രാന്തന്മാര് മത്സരിച്ചാല്‍ എന്തു ചെയ്യും. അതാണ് അവസ്ഥ.ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അമേരിക്കയെ എന്നല്ല ലോകത്തെ തന്നെ പലപ്പോഴും പ്രകോപിപ്പിക്കുന്നുണ്ട്. അതു കേട്ട് വെളിച്ചപ്പാടു തുള്ളാന്‍ ട്രംപും.
ട്രംപിനു പോലീസാകാന്‍ കിട്ടുന്ന ഒരവസരമാണ് യുദ്ധം. കുറഞ്ഞ പക്ഷം പൊങ്ങച്ചം പറഞ്ഞെങ്കിലും അതാകാം എന്നാണ് ട്രംപിന്റെ രീതിയെന്നു തോന്നുന്നു. ഇങ്ങനെ നോക്കിയാല്‍ ഇന്ത്യ എത്ര തവണ പാക്കിസ്ഥാനോട് യുദ്ധം ചെയ്യേണ്ട സമയം കഴിഞ്ഞു. അത്രയ്ക്കുണ്ടു അവരുടെ പ്രകോപനം. ചില താക്കീതുകള്‍ ശക്തമായി കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പാഠം പഠിച്ചില്ലെന്നമട്ട് പാക്കിസ്ഥാന് പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്നുവെച്ച് ഇന്ത്യ നാഴികയ്ക്കു നാല്‍പ്പതുവട്ടം യുദ്ധം യുദ്ധം എന്നു പറയാറില്ല.
എന്നാല്‍ എല്ലാംകൊണ്ടും സജ്ജമാണ് ഇന്ത്യ. ക്ഷമയും സമാധാനവുമാണ് ഇന്ത്യയുടെ മുഖമുദ്ര. അതിര്‍ത്തി സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ചൈനീസ് സൈനികരെപ്പോലും നമസ്തേ പറിപ്പിച്ചിരിക്കുന്നു. ആഗോള തലത്തില്‍ ഇത് വലിയ ചര്‍ച്ചയും അംഗീകാരവുമാകുകയാണ്. ഇത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അടയാളമാണ്.
ഇത്തരം അവസ്ഥയൊന്നുമല്ല ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ളത് എന്നു വേണമെങ്കില്‍ ന്യായത്തിനു പറയാം. അല്ലെങ്കില്‍ ഉത്തര കൊറിയ ലോകത്തിനുമേല്‍ ഭീഷണി വാരിവിതറുകയാണ്. പക്ഷേ യുദ്ധം ഉണ്ടാകുന്നതിലും നല്ലതു ഒരു യുദ്ധം ഒഴിവാക്കുന്നിടത്താണ് ബുദ്ധിയും പക്വതയും.
യുദ്ധം എങ്ങനേയും ഒഴിവാക്കേണ്ടതാണ്. അവിടേയും തോറ്റാല്‍ മാത്രം. അന്തിമമായി. അമേരിക്ക പറയുന്നതും യുദ്ധം സമാധാനത്തിനുവേണ്ടി എന്നാണ്. ഉത്തരകൊറിയയുടെ വിനാശബുദ്ധിയില്നിന്നും അമേരിക്കയെ രക്ഷിക്കാനാണത്രെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: