കൊല്ലങ്കോട്:മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് ആരംഭിച്ച സമ്പുഷ്ടീകരിച്ച വയ്ക്കോല്‍ക്കട്ട നിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു.
ഏഴ് വര്‍ഷം മുമ്പ് മുതലമട കുറ്റിപ്പാടത്ത് കൃഷി വകുപ്പിന്റെ സ്ഥലത്താണ് സര്‍ക്കാര്‍ അധീനതയിലുള്ള കേരള ഫീഡ്സിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുത്ത് കമ്പനി തുടങ്ങിയത്.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണകാലത്തുള്ള അവാസന ദിനങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ണ്ണമാകാത്ത കമ്പനി ഉദ്ഘാടനം ചെയ്തത്.
നിരവധിപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന ഇടതുസര്‍ക്കാരിന്റെ വാഗ്ദാനം കടലാസിലൊതുങ്ങിയിരിക്കുകയാണ്.നെല്ലറയായ പാലക്കാടും പരിസര പ്രദേശങ്ങളിലും രണ്ടു സീസണുകളില്‍ കൊയത്തുകഴിഞ്ഞാല് വയ്ക്കോല് സംഭരിച്ച് സമ്പുഷ്ടീകരിച്ച വയക്കോല്ക്കട്ട നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ചോളം, ഗോതമ്പ്,കടല, തവിട്,വയ്ക്കോല് എന്നിവയുടെ മിശ്രിതമാണ് ബ്രിക്സ് രൂപത്തില്‍ ക്ഷീരകര്‍ഷകക്ക് ലഭ്യമാക്കുന്നത്. എന്നാല്‍ നാളിതുവരെയും വയക്കോല്‍ സംഭരണം നടന്നിട്ടില്ല. ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിനും ക്ഷീരോത്പ്പാദനം വര്‍ധിപ്പിക്കുന്നതിനുമായാണ് പോഷകാഹാര ഗുണമുള്ള സമ്പുഷ്ടീകരിച്ച വയ്ക്കോല്‍ക്കട്ട നിര്‍മ്മാണം കേരള ഫീഡ്സ് തുടക്കം കുറിച്ചത്. ഏറെ നാളത്തേക്ക് സൂക്ഷിച്ച് വച്ച് ഉപയോഗിക്കുവാന്‍ കഴിയും.നിര്‍മ്മാണത്തിനായി കൊണ്ടുവന്ന അസംസ്കൃത സാധനങ്ങള്‍ പുഴുവരിച്ച് നശിച്ച് പോവുകയാണ്. സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ പാഴാക്കിയതെല്ലാതെ നിര്‍മ്മാണം തുടങ്ങി ഉത്പ്പന്നം ക്ഷീര കര്ഷകര്ക്കെത്തിക്കുവാന് വേണ്ട നടപടി ഇതുവരെ സ്വീകരിക്കാത്തതില്‍ ക്ഷീരകര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: