ഒറ്റപ്പാലം:നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കില്‍ നിന്നും മോചനം നേടുന്നതിന് വിഭാവനം ചെയ്ത ബൈപ്പാസ് റോഡിന്റെ വീതികുറക്കാന് സര്‍ക്കാര്‍ ഉത്തരവ്. സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 40 കോടി രൂപ ചെലവു പ്രതീക്ഷിച്ച് തയ്യാറാക്കിയ ഡിപിആര്‍ ഭേദഗതി ചെയ്യാനാണ് പൊതുമരാമത്തു വകുപ്പിന്റെ നിര്‍ദ്ദേശം. പതിനെട്ടു മീറ്റര്‍ വീതിയില്‍ തയ്യാറാക്കിയ പദ്ധതിയുടെ ഡിപിആര്‍ പന്ത്രണ്ടു മീറ്ററാക്കി ചുരുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിക്കുന്ന ബൈപ്പാസ് പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയത് കിറ്റ് കോയാണു. റോഡ് ആന്‍ഡ് ബ്രിഡ്ജ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ഡിപിആര്‍ ഭരണാനുമതിക്കായി കിഫ്ബി സമര്‍പ്പിക്കുകയുണ്ടായി.എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഭേദഗതി ചെയ്യണമെന്നാണു പൊതുമരാമത്തിന്റെ നിര്‍ദ്ദേശം ഈസ്റ്റ് ഒറ്റപ്പാലം വടക്കേപാതയേയും പാലാട്ട് റോഡിനെയും ബന്ധിപ്പിച്ച് കിഴക്കേതോടിനു കുറുകെപാലം നിര്‍മ്മിച്ചാണു പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി സര്‍വ്വെയും മണ്ണുപരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ,പിഡബ്ല്യൂഡി,കെഎസ്ഇബി ജലവിതരണ അതോററ്റി തുടങ്ങിയ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചും രൂപരേഖ തയ്യാറാക്കിയിരുന്നു.ഒറ്റപ്പാലം നഗരത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരമെന്ന നിലയില്‍ പത്ത് വര്‍ഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു തടസ്സപ്പെടുകയായിരുന്നു.എന്നാല്‍ സ്ഥലം എംഎല്‍എ പി.ഉണ്ണിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജനങ്ങളുടെ ആശങ്ക മാറ്റി പദ്ധതിയുടെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനും മറ്റുമായി കഴിഞ്ഞ ബജറ്റില്‍ പതിനഞ്ച് കോടി രൂപ വകമാറ്റിയിട്ടുണ്ട് .ഒറ്റപ്പാലത്തുകാരുടെ സ്വപ്ന പദ്ധതികളിലൊന്നായ ബൈപ്പാസ് റോഡ് നിര്‍മ്മാണം വീണ്ടും നിയമത്തിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: