തിരുവല്ല : മുഖ്യമന്ത്രിയും കൃഷിവകുപ്പും ഇടപെട്ടിട്ടും അപ്പര്‍കുട്ടനാട്,കുട്ടനാട് പ്രദേശങ്ങളിലെ രണ്ടാം കൃഷിയും കര്ഷകന് ബാധ്യതയാകുന്നു. കാലംതെറ്റി പെയ്ത മഴയും സംഭരണം അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളുമാണ് കര്ഷകന് ഇരുട്ടടിയാകുന്നത്. ഇതോടെ പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ രണ്ടാം കൃഷി ഇറക്കിയ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്.
കുട്ടനാട്ടിലെ രണ്ടാംകൃഷിയുടെ വിളവെടുപ്പും സംഭരണവും ഒക്ടോബര്‍ രണ്ടാംവാരമായിട്ടും പൂര്‍ത്തിയാകാത്തത് പുഞ്ചക്കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പുറംബണ്ട് കവിഞ്ഞ് കൃഷിനാശം നേരിട്ട മങ്കോട്ട പാടശേഖരത്തിലുള്‍പ്പെടെ പുഞ്ചക്കൃഷി വൈകാനാണ് സാധ്യത.വെള്ളംവറ്റിച്ച് പാടമൊരുക്കി നവംബര്‍ ഒന്നിന് വിതയിറക്കാന്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പല പാടശേഖരങ്ങളിലും പമ്പിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കെത്തുന്ന മഴ ജോലിഭാരം ഇരട്ടിയാക്കുന്നു.അപ്പര്‍കുട്ടനാട്ടില്‍ പെരിങ്ങര,മുട്ടാര്‍,തലവടി,എടത്വ തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍ക്കാണ് ഈ ദുരവസ്ഥ. പോളേപ്പാടം, തെങ്കരപ്പച്ച, തകഴി നന്ത്യാട്ടുകരി, ചൂരവടി, തെന്നടി വടക്കുപുറം, ചെറുതന തേവേരി, നടുവിലേപോച്ച പാടശേഖരങ്ങളിലും വിളവെടുപ്പ് ആരംഭിച്ചെങ്കിലും മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.
വിളവെടുക്കാന്‍ പാകമായ നെല്ലില്‍നിന്ന് നെന്മണികള് പൊഴിയുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.കൂടാതെ, പാടത്തെ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന നെല്‍ച്ചെടികള്‍ പലയിടത്തും കിളിര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വൈകീട്ട് മുതല്‍ പെയ്യുന്ന മഴയില്‍ പാടത്ത് വെള്ളക്കെട്ടായി. ഇതോടെ യന്ത്രമിറക്കിയുള്ള വിളവെടുപ്പ് ദുഷ്കരമായിരിക്കുകയാണ്.
കൂടാതെ മഴയ്ക്കുശേഷമുള്ള വിളവില്‍ ഈര്‍പ്പത്തിന്റെ അംശം കൂടുമെന്നതിനാല്‍ വിളവെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭരണവും വിളവെടുപ്പും ആരംഭിച്ച എടത്വാ എരവുകരി പാടശേഖരത്തില്‍ മഴയെത്തുടര്‍ന്ന് വിളവെടുപ്പ് തടസ്സപ്പെട്ടു.കഴിഞ്ഞ അഞ്ച് ദിവസമായി. ഇവിടെ സംഭരണവും നടക്കുന്നില്ല.പലയിടങ്ങളിലും പാടശേഖരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിളവെടുത്ത നെല്ല് നീക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: