അമ്പലപ്പുഴ: സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടല്‍. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകളില്‍ നിന്നുള്ള വിനോദയാത്രകളില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങുന്നു. കാക്കാഴം താഴ്ചയില്‍ നസീറാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22ന് പൊതുവിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് 500 മുതല്‍ 750 രൂപാ വരെ ഈടാക്കിയാണ് വിനോദയാത്രകളില്‍ പങ്കെടുപ്പിച്ചിരുന്നത്. പലപ്പോഴും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം വിനോദയാത്രകള്‍ അപ്രാപ്യമായിരുന്നു. ഇത് രണ്ട് തരം വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കും എന്ന് ചൂണ്ടി കാട്ടിയാണ് നസീര്‍ പൊതു വിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
പരാതി പരിശോധിച്ച ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഉത്തരവിറക്കുകയായിരുന്നു. സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കൂടി പങ്കെടുപ്പിക്കണമെന്നും ഇതിനാവശ്യമായി വരുന്ന അധിക സാമ്പത്തിക ബാധ്യത പിടിഎ കണ്ടെത്തണമെന്നും പൊതു വിദ്യഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
















