അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരപ്പറമ്പില്‍ ഇന്നലെ ധര്‍മ്മം അലയടിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലിയുടെ ഭാഗമായി നടന്ന ധര്മ്മസംവാദത്തിലും ഹിന്ദുമഹാസമ്മേളനത്തിലും പങ്കെടുക്കാന്‍ ക്ഷേത്രനഗരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍.
രാവിലെ അങ്ങാടിപ്പുറം മംഗല്യ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥി സംഗമത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഡിഗ്രിത്തലത്തിലും ഡിപ്ലോമതലത്തിലും പഠിക്കുന്ന അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുമായി സ്വാമി നേരിട്ട് സംവദിച്ചു. പിന്നീട് നടന്ന ആചാര്യസദസ്സില്‍ ക്ഷേത്രം തന്ത്രിമാര്‍, സന്ന്യാസി ശേഷ്ഠന്മാര്, സപ്താഹ ആചാര്യന്മാര്, ജ്യോതിഷികള്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് മൂന്നിന് പൂരപ്പറമ്പില്‍ പതിനായിരങ്ങള്‍ സംഗമിച്ച ഹിന്ദുമഹാസമ്മേളനം നടന്നു. എ.സി.വേണുഗോപാല്‍ രാജ ചിദാനന്ദപുരി സ്വാമിയെ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു. തളി ക്ഷേത്ര സമരനായിക യശോദ മാധവന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് സ്വാമിജി പ്രഭാഷണം നടത്തി. എല്ലാ മതങ്ങളോടും തുല്ല്യ നീതിയെന്ന ആശയം നടപ്പില്‍ വരണമെന്നും ക്ഷേത്രഭരണം രാഷ്ട്രീയ വിമുക്തമാക്കണമെന്നും സ്വാമി പറഞ്ഞു. മറ്റുള്ള മതങ്ങളിലെ പ്രശ്നങ്ങളെ മതേതരമായി കാണുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഹിന്ദുവിന്റെ പ്രശ്നങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടില്‍ മാറ്റം വരുത്തണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി.രാമന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: