എടത്വാ: കരനെല്‍കൃഷി പരീക്ഷണത്തിന് തുടക്കമിട്ട വിദ്യാര്‍ത്ഥികളുടെ ഞവരകൃഷി കതിരണിഞ്ഞു. തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റേയും എന്‍.എസ്സ്.എസ്സ് യൂണിറ്റിന്റേയും നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഞവരകൃഷിക്ക് വിതയിറക്കിയത്. അറുപത് ദിവസം പിന്നിട്ട ഞവരകൃഷി കതിരണിഞ്ഞതോടെ കൃഷി കാണാന്‍ അടുത്തുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാട്ടുകാരും എത്തുന്നുണ്ട്. വ്യത്യസ്ഥത തേടുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ഇത്തവണ ഞവരകൃഷിയിലേക്കാണ് തിരിഞ്ഞത്. തലവടി കൃഷിഭവന്‍ ഉദ്യോഗസ്ഥരും വാര്‍ഡ് അംഗം അജിത്ത് കുമാര്‍ പിഷാരത്തും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കിയിരുന്നു. 11-ാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തിയാണ് കൃഷിക്ക് അനുയോജ്യമായ പറമ്പിലെ പൊന്തക്കാടും, പുല്ലുകളും വെട്ടിമാറ്റി ഞവരകൃഷിക്കുള്ള സ്ഥലം കണ്ടെത്തിയത്. വിതയിറക്ക് ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലാണ് നിര്‍വഹിച്ചത്.
















