അമ്പലപ്പുഴ: ഫിഷറീസ് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂര അടര്‍ന്നു വീണു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.
അമ്പലപ്പുഴ കച്ചേരി മുക്കിന് പടിഞ്ഞാറു ഭാഗത്തായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ സ്ലാബാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ തകര്‍ന്നു വീണത്. ഈ സമയം കമ്മ്യൂണിറ്റി മോട്ടിവേറ്ററായ സിനി ഓഫീസിലുണ്ടായിരുന്നുവെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
15 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡും താഴത്തെ നിലയില്‍ മത്സ്യഭവന്‍ ഓഫീസുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ഓഫീസുകളിലുമായി വനിതാ ജീവനക്കാരടക്കം 5 ഉദ്യോഗസ്ഥരാണുള്ളത്.
പ്രതിദിനം 200 ഓളം പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഈ രണ്ട് ഓഫീസുകളിലുമായി എത്തുന്നത്. തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
ഇതു മൂലം ഈ ഓഫീസുകളിലെത്തുന്നവരുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയായിരിക്കുകയാണ് ദ്രവിച്ച ഈ കെട്ടിടം. കൂടാതെ ഓഫീസ് കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും ഇല്ല.
ജനലുകളും ഇല്ലാത്ത നിലയിലാണ് ഈ സര്‍ക്കാര്‍ ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂരയുടെ പലഭാഗവും ഇനിയും തകര്‍ന്നു വീഴുമെന്ന സ്ഥിതിയിലാണ്.
അടിയന്തിരമായി കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ വലിയ ദുരന്തം ഇനി ഉണ്ടാകുമെന്ന ഭയാശങ്കയിലാണ് ഇവിടുത്തെ ജീവനക്കാരും നാട്ടുകാരും.
















