കുട്ടിക്കാലത്ത് ഞാന്‍ സംഗീതം പഠിച്ചിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പൈങ്കുളം സ്വദേശി ദേവകിയമ്മയായിരുന്നു ഗുരു. ദേവകിയമ്മയ്ക്ക് എന്നെ വലിയ കാര്യമായിരുന്നു. ഞങ്ങളൊരുമിച്ചാണ് തറവാട്ടു വളപ്പിലെ കുളത്തില്‍ കുളിക്കാന്‍ പോവുക.
ഒരു ദിവസം, കുളക്കടവിലേക്കുള്ള വഴിയില്‍, ഒരു പക്ഷി ചത്തുകിടക്കുന്നു. മനോഹരമായ വാലും വര്ണച്ചിറകുകളുമുള്ള ഒരു സുന്ദരിക്കിളി. ഞാനവിടെ സ്തംഭിച്ച് നിന്നുപോയി. ദേവകിയമ്മ വിളിച്ചിട്ടും ഞാന്‍ അനങ്ങുന്നില്ല. ആ കാഴ്ച എന്റെ ഹൃദയത്തില്‍ എന്തൊക്കെയോ ചലനങ്ങളുണ്ടാക്കി.
ഇന്നലെ വരെ ഈ അനന്തവിഹായസ്സില്‍ പാറി നടന്നിരുന്ന ഈ കിളിയുടെ ഇന്നത്തെ അവസ്ഥയെന്ത്? എല്ലാ ജീവജാലങ്ങളുടെയും വിധി ഇതുതന്നെയല്ലേ? അങ്ങനെ ഞാന്‍ ജനനമരണങ്ങളുടെ അനിവാര്യതയെപ്പറ്റി, ജീവിതത്തിന്റെ നശ്വരതയെപ്പറ്റി ഒക്കെ ചിന്തിച്ചു. എന്റെ ആദ്യത്തെ കഥയുടെ ബീജമായി അത് മാറുകയും ചെയ്തു” പറഞ്ഞത് മലയാളത്തിലെ അനുഗൃഹീത തൂലികയുടെ ഉടമ കെ.ബി.ശ്രീദേവി.
തനിക്ക് ചുറ്റും കാണുന്നവരുടെ വേദനകളാണ് എക്കാലത്തും തന്റെ എഴുത്തിന് പ്രചോദനമായിത്തീര്‍ന്നത് എന്ന് ശ്രീദേവി പറയുന്നു. ‘യുഗാന്തരങ്ങളിലൂടെ’ എന്ന ആദ്യകഥ എഴുതിയ കൗമാരകാലത്ത്, എങ്ങനെ എഴുതണം, എങ്ങനെ അത് പ്രകാശിപ്പിക്കണം എന്നൊന്നും അറിഞ്ഞുകൂടാ. ഒരു സുഹൃത്തിന്റെ ഏട്ടന്റെ ശ്രമഫലമായി ആ കഥ ‘തുഞ്ചത്തെഴുത്തച്ഛന്‍’ മാസികയില്‍ അച്ചടിച്ചുവന്നു.
ഒരു ദിവസം, കഥാകൃത്തിനെ നേരില്‍ക്കണ്ട് അഭിനന്ദിക്കാന്‍ മാസികയുടെ ചുമതലക്കാരന് രാമന് നായര്‍, തറവാട്ടിലെത്തിയത് മറ്റൊരു വിസ്മയം. തന്നെ കാണണമെന്ന് പറഞ്ഞപ്പോള്‍, അതൊന്നും നടക്കില്ല എന്ന് കാരണവന്മാര് വിലക്കി. രാമന് നായര്‍ വിഷമത്തിലായി. പക്ഷേ, മറ്റാരും അറിയാതെ, സൂത്രത്തില്‍ കഥാകൃത്തിനെ രാമന്നായരുടെ അടുത്തെത്തിക്കാന്‍ ശങ്കരേട്ടന് എന്ന ബന്ധു ഒത്താശ ചെയ്തു.
കഥ പ്രസിദ്ധീകരിച്ച മാസികയുടെ കോപ്പിയും പ്രതിഫലമായി പത്തുരൂപയും എന്റെ കൈയില്‍ തന്നപ്പോള്‍ ഞാന്‍ അന്തംവിട്ടു കഥയെഴുതുന്നതിന് കാശോ? ഈ ശബ്ദം വെറുതെ പോവില്ല എന്ന രാമന് നായരുടെ ആശിര്വചനവും എനിക്ക് മറക്കാനാവില്ല.” അന്ന് എഴുതുന്നതും പുസ്തകം വായിക്കുന്നതുമൊക്കെ അന്തര്‍ജ്ജനങ്ങള്‍ക്ക് അരുതാത്ത കാര്യങ്ങളായിരുന്നു.
പ്രതിഫലം കിട്ടിയ പത്തുരൂപ താനെന്തു ചെയ്യും? പുറത്താരോടും പറയാന്‍ വയ്യ. ഒടുവില്‍ കാരണവന്മാര് അറിയാതെ, രഹസ്യമായി ഏതാനും പുസ്തകങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വായനയുടെ ലോകത്തേയ്ക്ക് പ്രവേശിച്ചത്.
പിന്നീട്, സാഹിത്യ അക്കാദമിയില്‍ ലൈബ്രേറിയനായിരുന്ന തേറമ്പില്‍ ശങ്കുണ്ണി മേനോന് മുഖേന, ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടി. ലളിതസുന്ദരമായ ഭാഷയില്‍ കഥകള്‍ എഴുതിയിരുന്ന എം. ദേവസേന അന്തര്‍ജ്ജനവും ധാരാളം പ്രോത്സാഹനം നല്കി. ഭാഷയുടെ, വായനയുടെ, അതില്‍നിന്ന് ലഭിക്കുന്ന ലോകവീക്ഷണത്തിന്റെ ഒക്കെ മേഖലകളിലേക്ക് പ്രവേശിക്കാന്‍ വി.ടി. ഭട്ടതിരിപ്പാടില്‍നിന്ന് ലഭിച്ച പിന്തുണയും പ്രചോദനവും വിസ്മരിക്കാനാവില്ല.
വി.ടി.ക്ക് മകളെപ്പോലെ വാത്സല്യമായിരുന്നു തന്നോട്. ആ മനസ്സിന്റെ വൈപുല്യവും മാനവിക മൂല്യങ്ങളോടുള്ള ആഭിമുഖ്യവും ചിന്തയുടെ ആഴവും വൈവിധ്യവുമൊക്കെ തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കമ്യൂണിസ്റ്റ് നേതാക്കന്മാരായ എകെജി, സി. അച്യുതമേനോന് (പിന്നീടദ്ദേഹം മുഖ്യമന്ത്രിയായി), എഴുത്തുകാരനും യുക്തിവാദിയും സാഹിത്യഅക്കാദമി സെക്രട്ടറിയുമൊക്കെയായിരുന്ന പവനന് തുടങ്ങി നിരവധി പേരുടെ പിന്തുണ, തന്റെ സര്ഗ്ഗാത്മികതയ്ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ടെന്നും ശ്രീദേവി, അനുസ്മരിക്കുന്നു.
ജി. ശങ്കരക്കുറുപ്പിനെക്കുറിച്ച് പറയുമ്പോള്‍ അവരുടെ മുഖത്ത്, അവാച്യമായ ബഹുമാനാദരങ്ങളുടെ നിഴലാട്ടം കാണാം. മഹാകവി ജി., രവീന്ദ്രനാഥ ടഗോറിനെപ്പറ്റി പറഞ്ഞു തന്നെ കാര്യങ്ങള്‍, ഒരു മഹാ ഗുരുനാഥന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥിയെപ്പോലെയാണ് താന്‍ ശ്രദ്ധിച്ചിരുന്നത്. ടാഗോറിന്റെ ”വിനമ്രമാക്കുകിക്കണ്ണുനീരിലെന്റെ അഹന്തയെ” എന്ന വരികള്‍ തന്നെ എത്രമാത്രം സ്പര്‍ശിച്ചു എന്ന് വിവരിക്കുക പ്രയാസം. ഉറൂബിന്റെ കൃതികളും ഏറെ സ്വാധീനിച്ചിട്ടുണ്ട്.
മഹാപണ്ഡിതനായിരുന്ന അനന്തനാരായണ ശാസ്ത്രികളുടെ അനുജന് സുബ്ബരാമ ഭട്ടിന്റെ കീഴില്‍ സംസ്കൃതം പഠിക്കാന്‍ സാധിച്ചത് മറ്റൊരു ഭാഗ്യമായിട്ടാണ് കെ.ബി. ശ്രീദേവി കരുതുന്നത്. കുമാരനാശാന്റെ കാവ്യപ്രപഞ്ചത്തെ, അന്നും ഇന്നും വിസ്മയാദരങ്ങളോടെയാണ് താന്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത്. അതുപോലുള്ള മികച്ച കൃതികള്‍ ധാരാളമായി വായിക്കണമെന്നും, അത്തരം വായനയുടെ സംസ്കാരം ആര്ജ്ജിച്ചാവണം സാഹിത്യരചന നടത്താന്‍ എന്നുമാണ് പുതിയ എഴുത്തുകാരോട് അവര്‍ക്ക് പറയാനുള്ളത്.
മറ്റൊരനുഭവത്തിലേക്ക് അവര്‍ കടന്നു. ഒരിക്കല്‍, ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ഒരന്തര്‍ജ്ജനം തന്റെ ഏക മകളേയുംകൊണ്ട് വയല്‍വരമ്പിലൂടെ നടന്നുവരുന്നു. വഴിയേറെ നടന്ന് ക്ഷീണിച്ചിട്ടുണ്ട്. അവരുടെ മകള്‍ ഋതുമതിയായിരിക്കുന്നു. അവളെ കുളിപ്പിച്ച് ‘ശുദ്ധാക്കാന്‍’ ചില ചടങ്ങുകളുണ്ട്. അതിന് മണ്ണാത്തി (അലക്കുകാരി) അലക്കിയ വസ്ത്രം കൊണ്ടുവരണം. മാറ്റ് വാങ്ങുക, മാറ്റുടുത്ത് കുളിക്കുക എന്നൊക്കെ പറയും.
അടിയാത്തിയുടെ (ഭൃത്യ)സഹായവും കൂടിയേ കഴിയൂ. പല ഇല്ലങ്ങളിലും ചെന്ന് വിവരം പറഞ്ഞു. അവരാരും സഹായിക്കാന്‍ മനസ്സു കാണിച്ചില്ല; മാത്രമല്ല പലരും ആട്ടിപ്പായിക്കുകയും ചെയ്തു. യാഥാസ്ഥിതികത്വവും ആചാരങ്ങളില്‍ അടിയുറച്ച കാര്‍ക്കശ്യവും അടക്കി ഭരിച്ചിരുന്ന ഒരു വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ലല്ലോ, അക്കാലത്ത് അങ്ങനെ, നിസ്സഹായതയും ദൈന്യതയുംകൊണ്ട് വലഞ്ഞും കരഞ്ഞും ആണ് ആ അമ്മയും കുഞ്ഞും കൂടല്ലൂര്‍ മനയുടെ പടി കടന്നുവന്നത്.
വിവരം അറിഞ്ഞ കാവ് നമ്പൂരി(ശ്രീദേവിയുടെ ഭര്‍ത്താവിന്റെ അച്ഛന്)ക്ക് ഒരു ശങ്കയുമുണ്ടായില്ല. അദ്ദേഹം ഉറച്ച സ്വരത്തില്‍ പറഞ്ഞു, ”ഇവിടത്തെ കുളത്തില്‍ കുളിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്യൂ. മാറ്റുമായി വരാന്‍ നമ്മുടെ മണ്ണാത്തിയോട് പറയൂ.” കാവ് നമ്പൂരിയുടെ നീതിബോധത്തിന്റെ ദാര്‍ഢ്യത്തിനു മുന്നില്‍, മറ്റുള്ളവരുടെ എല്ലാ സംശയങ്ങളും പ്രതിഷേധത്തിന്റെ അലകളും അടങ്ങി എന്നതാണ് സത്യം.
ശ്രീദേവി തുടര്‍ന്ന് പറയുന്നു, ”ഈ സംഭവകഥ, ഇതിലെ അനുഭവസ്ഥയായ നങ്ങയ്യ തന്നെയാണ്, വര്‍ഷങ്ങള്‍ക്കുശേഷം എന്നോടു പറഞ്ഞത്. എന്റെ ‘യജ്ഞം’ എന്ന നോവലിന്റെ പശ്ചാത്തലം ഇതാണ്. ഈ നങ്ങയ്യ തന്നെയാണ് നോവലിലെ മുഖ്യ കഥാപാത്രം. 1974 ലെ കുങ്കുമം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ കൃതിയാണ് ‘യജ്ഞം.’
വി.ടി. അവാര്‍ഡ്, ജന്മാഷ്ടമി പുരസ്കാരം, നാലപ്പാടന് പുരസ്കാരം, ദേവീ പ്രസാദം അവാര്‍ഡ്, നവോത്ഥാന സാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി മറ്റൊന്നാണെന്ന് അവര്‍ പറയുന്നു. ”ബോംബെയില്‍നിന്ന് ഒരു ചെറുപ്പക്കാരന് ഒരിക്കല്‍ എന്നെ ഫോണില്‍ വിളിച്ചു.
രോഗം, അനാഥത്വം, നിരാശ എന്നിവയ്ക്കടിപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ അയാള്‍, എന്റെ ‘ദാശരഥം’ എന്ന നോവല്‍ വായിക്കാനിടയായി. അതു വായിച്ചു താന്‍, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ചുവെന്നും, തനിക്ക് ജീവിതം തിരികെ തന്ന എഴുത്തുകാരിക്ക് നന്ദി പറയാന്‍ വാക്കുകളില്ലെന്നുമാണ് അയാള്‍ എന്നോട് പറഞ്ഞത്. അതില്‍പ്പരം എന്താണ് വേണ്ടത്? എനിക്ക് ലഭിച്ച വിലമതിക്കാനാവാത്ത അവാര്‍ഡായി ഞാനതിനെ കാണുന്നു.”
ആറു പതിറ്റാണ്ടു മുന്‍പ്, ഭയസംഭ്രമങ്ങളോടെ സാഹിത്യരചനയിലേക്ക് കടന്നുവന്ന ആ പെണ്‍കുട്ടി, ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തമ്മയും ആഖ്യാനകലയിലെ മുത്തശ്ശിയുമായി നമ്മുടെ മുന്പില് നില്ക്കുന്നു-കുലീനമായ പുഞ്ചിരിയോടെ. മകനും മരുമകളും പേരക്കുട്ടിയുമൊത്ത് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിന് തൊട്ടടുത്താണ് കെ. ബി. ശ്രീദേവി ഇപ്പോള്‍ താമസം.
പറയിപെറ്റ പന്തിരുകുലം എന്ന പരമ്പരയിലുള്ള അവരുടെ ഗ്രന്ഥങ്ങള്‍, ഇളംതലമുറയ്ക്കുപോലും അനായാസം പിന്തുടരാന് കഴിയുന്നതരത്തില്‍, ലാളിത്യവും തെളിമയും ഒഴുക്കുമുള്ള ഭാഷാശൈലിയും കൊണ്ട് ശ്രദ്ധേയമാണ്. ഭക്തിയും തത്ത്വചിന്തയും പുരാവൃത്തവുമൊക്കെ ഉള്‍ച്ചേരുന്ന വലിയൊരു കാന്‍വാസില്‍, ശ്രീദേവിയുടെ പുതിയ നോവല്‍ പിറവിയെടുക്കുന്നു. ആ സര്‍ഗ്ഗ പ്രതിഭയ്ക്കു മുന്പില് നമോവാകം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: