സെപ്തംബര്‍ അവസാനത്തെ അഞ്ച് ദിവസങ്ങള്‍ ഏതാണ്ടൊരു റിപ് വാന്‍ വിങ്കിളായി കഴിഞ്ഞുകൂടി എന്നു പറയാം. കുടുംബ സഹിതം ബംഗളൂരുവില്‍ താമസമാക്കിയ ഒരു മരുമകളുടെ അതിഥിയായി കഴിഞ്ഞതുകാരണം സംഘസംബന്ധമായി ആരും ബന്ധപ്പെട്ടില്ല എന്ന് മാത്രമേയുള്ളൂ. മരുമകള്‍ മഞ്ജുവും ഭര്‍ത്താവ് സഞ്ജുവും മകന് വരുണുമൊരുമിച്ചാണ് കഴിഞ്ഞത്.
ഏറ്റുമാനൂരില്‍ താമസിക്കുന്ന മരുമകന്റെ മകന് നന്ദുവും ഞങ്ങളൊടൊപ്പം സമയം ചിലവഴിക്കാനെത്തി. മഞ്ജു ഐടി മേഖലയിലും സഞ്ജു ശാസ്ത്രരംഗത്തും ഉന്നത ചുമതലകള്‍ വഹിക്കുന്നു. സ്വന്തം ഔദ്യോഗിക കൃത്യങ്ങൡ നിന്നും ഏതാനും ദിവസം ഒഴിഞ്ഞുനില്ക്കാന് അവര്‍ക്കും അവസരം ലഭിച്ചു. പൂജാ അവധിക്കാലം കൂടിയായതിനാല്‍ വീട്ടില്‍ ഉത്സവാന്തരീക്ഷമായിരുന്നു.
രണ്ടുസ്ഥലങ്ങളാണ് ഞങ്ങള്‍ കാണാന്‍ തിരഞ്ഞെടുത്തത്. ബനര്ഘട്ട വന്യമൃഗശാലയായിരുന്നു ഒന്ന്. സാധാരണ മട്ടിലുള്ള മൃഗശാലയും വന്യമൃഗങ്ങളെ വനാന്തരീക്ഷത്തില്‍ തന്നെ താമസിപ്പിച്ചിരിക്കുന്ന ഉദ്യാനവും. മൃഗശാല തൃശ്ശിവപേരൂരിലേയും തിരുവനന്തപുരത്തേയും മൃഗശാലകളോട് കിടപിടിക്കുന്നതല്ലെങ്കിലും പ്രാകൃതിക അന്തരീക്ഷം നിലനിര്‍ത്തിയ ഉദ്യാനം വിശേഷപ്പെട്ടതുതന്നെ.
മാന്‍, കലമാന്‍, മ്ലാവ്, പോത്ത്, മുതലായവയും ആനകളും പുതുമ നല്കുന്നവയല്ലെങ്കിലും വിവിധതരം കരടികളും സിംഹങ്ങളും കടുവകളും വെള്ളക്കടുവകളും അങ്ങനെയല്ല- ഉദ്യാനം കര്‍ണാടക ടൂറിസത്തിന്റെ ബസ്സുകളുണ്ട്. അവയ്ക്ക് ടിക്കറ്റെടുത്ത് അച്ചടക്കത്തോടെ കാത്തിരുന്നു വേണം കയറാന്‍.
സിംഹങ്ങള്‍ക്ക് ബസുകള്‍ സാധാരണ ദൃശ്മയായതിനാലാവും അടുത്ത വരുന്നതിനോ ഉറക്കത്തിനോ ഒട്ടും തടസ്സമില്ല. കുറേനേരെ മയക്കത്തിലായിരുന്ന മൃഗരാജാവ് ഒന്നു തലപൊക്കി നോക്കാന്‍പോലും വൈകി. വെള്ളക്കടുവകള്‍ നടന്നു കാണിച്ചു.
ഉദ്യാനത്തിന്റെ സംവിധാനവും പരിപാലനവും വളരെ പ്രശംസനീയമാണെന്നു തന്നെ പറയണം. ഓരോ വിഭാഗത്തിനും പ്രത്യേകമായ രക്ഷാവ്യവസ്ഥകളും സ്വാഭാവികമായ കാനനാന്തരീക്ഷവും ജലസാന്നിദ്ധ്യവും ഒരുക്കിയിരിക്കുന്നു. കര്ണാടകവനംവകുപ്പ് അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.
കര്ണാടകത്തെപ്പോലെ പശ്ചിമഘട്ട സംസ്ഥാനമായ കേരളം എന്തുകൊണ്ട് ഇത്തരമൊരു വന്യമൃഗോദ്യാനം ഉണ്ടാക്കുന്നില്ല എന്നു വിസ്മയം തോന്നിപ്പോകും. തൃശ്ശിവപേരൂര്‍ മൃഗശാല തന്നെ വിശാലമായ വനമേഖലയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ച് എങ്ങുമെത്താതെ നില്‍ക്കുകയാണല്ലൊ.
പാട്ടക്കാലാവധി കഴിഞ്ഞ നാലു ലക്ഷത്തില്‍പരം ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും തട്ടിയെടുത്ത് സ്വന്തമാക്കാന്‍ അവസരമുണ്ടാക്കിയ ഭരണക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു വനോദ്യാനം ആസൂത്രണം ചെയ്യാന്‍ കഴിയാത്തതെന്ത് എന്നു മനസ്സിലാകുന്നില്ല. മറ്റൊരു ഭാഗിനേയപുത്രന് അപ്പു നടത്തിവരുന്ന റസിഡന്റ് റിസോര്‍ട്ടില്‍നിന്ന് ഭക്ഷണം കഴിച്ചു. പഴങ്ങള്‍ ഉണക്കി വ്യാപാരം നടത്തുന്ന തൊഴില്‍ കൂടി അയാള്‍ക്കുണ്ട്.
ഒരു ദിവസം ആന്ധ്ര സംസ്ഥാനാതിര്‍ത്തിയിലുള്ള ‘ലേപാക്ഷി’ ശിലാക്ഷേത്ര സങ്കേതം കാണാന്‍ ചെലവഴിച്ചു. നാലു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അച്ചുതരായര്‍ എന്ന രാജാവ് നിര്‍മിച്ച ക്ഷേത്രമാണത്രെ അത്. നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും മുഴുമിച്ചിടത്തോളം അതിമനോഹരമായ ശിലാശില്പ്പവിദ്യയുടെ മാതൃകയായി അതിനെ കരുതാം.
അവിടുത്തെ പാറയുടെ മുകളില്‍ പണിതതും വെട്ടിക്കുഴിച്ചുണ്ടാക്കിയവയുമായ ഭാഗങ്ങള്‍ തിരുവില്വാമല ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളില്‍ പാറയുടെ നിമ്നോന്നത സ്ഥിതിക്കനുസരിച്ച് നിര്‍മാണം നടത്തിയതിനെ അനുസ്മരിപ്പിക്കുന്നതാണ്.
ക്ഷേത്രം കാണാന്‍ ആയിരക്കണക്കിനാളുകള്‍ വരുന്നു. അവിടെ നിത്യനിദാനങ്ങള്‍ ഉണ്ടോ എന്നു സംശയമാണ്. ചില പുരോഹിതന്മാര് മന്ത്രോച്ചാരണവും ദക്ഷിണ വാങ്ങി അനുഗ്രഹവും മറ്റും നല്കുന്നതു കണ്ടു. വിജയനഗരസാമ്രാജ്യത്തിന്റെ പതനമായിരിക്കണം ക്ഷേത്രനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ തടസ്സമായത്.
ബെംഗളൂരുവില്‍ ഞങ്ങള്‍ താമസിച്ച ഭാഗത്ത് ഒരു ശാഖ നടന്നുവരുന്നുണ്ടെന്നറിഞ്ഞു. ആ സ്ഥലത്ത് ഒരു പ്രഭാതത്തില്‍ ചെന്നപ്പോള്‍ ആരെയും കാണാന്‍ കഴിഞ്ഞില്ല. ചില ദിവസങ്ങളില്‍ ശാഖ നടക്കാറുള്ള പാര്‍ക്കിന്റെ ഭാഗത്തും ആരുമുണ്ടായിരുന്നില്ല. വിജയദശമി ആഘോഷം സംബന്ധിച്ച സംയുക്തപരിശീലനത്തിന് മറ്റെവിടെയെങ്കിലും പോയതായിരിക്കാം. എന്നായാലും സംഘവുമായി നാലഞ്ചുനാള്‍ ബന്ധപ്പെടാതെ ബെംഗളൂരില്‍ കഴിഞ്ഞുവെന്നത് മറക്കാനാവില്ല.
എന്റെ ആദ്യ ബെംഗളൂരു യാത്ര 1971 ല്‍ ആയിരുന്നു. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്ന കാലം ഒരു ദിവസം അടിയന്തരമായി ബെംഗളൂരിലെ ‘കേശവകൃപ’ എന്ന കാര്യാലയത്തിലെത്തണമെന്ന് ദക്ഷിണ ക്ഷേത്രീയ പ്രചാരക് മാ: യാദവറാവു ജോഷിയുടെ ഫോണ്‍ സന്ദേശം വന്നു. ഉടന്‍ തന്നെ ബസ്സില്‍ പുറപ്പെട്ടു. വൈകുന്നേരം കാര്യാലയത്തിലെത്തി. എന്നെ വരുത്തിയ ആവശ്യം നടന്നുകഴിഞ്ഞിരുന്നു.
കേരളത്തില്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പുനടക്കുകയാണ്. ഹോസ്ദുര്‍ഗ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.ജി. മാരാര്‍ക്കു നല്കാന് ബെംഗളൂരിലെ ജനസംഘ സംഘപ്രവര്‍ത്തകര്‍ സമാഹരിച്ച കേസരിവാരിക, മാനേജര്‍ രാഘവേട്ടന് ബെംഗളൂരുവില്‍ വന്നിരുന്നതിനാല്‍ അദ്ദേഹം വശം കൊടുത്തയച്ചു.
പക്ഷേ ഇന്നത്തെപ്പോലെ ഉടന്‍ എനിക്ക് വിവരങ്ങള്‍ കൈമാറാനുള്ള മൊബൈല്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ നിസ്സഹായാവസ്ഥയലാകയേ നിവൃത്തിയുണ്ടായിരുന്നു. അന്ന് കാര്യാലയത്തില്‍ താമസിച്ച് പിറ്റേന്ന് കേരളത്തിലേക്ക് യാദവറാവുജിയോടൊപ്പം മടക്കയാത്ര നടത്തി.
അടുത്ത ബെംഗളൂര് യാത്രയും അവിസ്മരണീയമായിരുന്നു. ദക്ഷിണ സംസ്ഥാനങ്ങളിലെ സംസ്ഥാനതല ചുമതല വഹിച്ച ജനസംഘനേതാക്കളുടെ സമ്മേളനം ബെംഗളൂരില്‍ സംഘടിപ്പിച്ചിരുന്നു. അധ്യക്ഷന്‍ അദ്വാനി ജി, അടല്‍ജി, സുന്ദര്‍സിംഗ് ഭണ്ഡാരി, ജഗന്നാഥറാവു ജോഷി, കുശാഭാവു ഠാക്കറേ എന്നീ കേന്ദ്രനേതാക്കള്‍ പങ്കെടുത്തു.
മൂന്നുവര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് സംസ്ഥാനതലത്തില്‍ എടുക്കേണ്ട തയ്യാറെടുപ്പുകളും രാഷ്ട്രീയ നയരൂപീകരണവുമായിരുന്നു സമ്മേളന ലക്ഷ്യം. പരമേശ്വര്‍ജി, രാജേട്ടന്, കെ.ജി. മാരാര്‍, രാമന്‍പിള്ള എന്നിവരൊരുമിച്ച് കോഴിക്കോട്ടുനിന്നും കാറിലായിരുന്നു യാത്ര. പ്രാന്തകാര്യാലയത്തിലും ജനസംഘം സംസ്ഥാന കാര്യാലയത്തിലുംപോയി സമ്മേളന സ്ഥലത്തേക്ക് പോകാന്‍ അവിടെയായിരുന്നു വ്യവസ്ഥ.
ആ പരിപാടിക്കിടയിലാണ് ഭാരതം പൊഖറാനില് ഒന്നാം അണുപരീക്ഷണം നടത്തിയ വിവരം റേഡിയോയിലൂടെ അറിഞ്ഞത്. ഉടന്‍ തന്നെ അടല്‍ജിക്ക് ദല്‍ഹിയില്‍നിന്നും വിവരം ലഭിച്ചു. ജനസംഘം ആരംഭം മുതല്‍ തന്നെ ഭാരതം ആണവശേഷി കൈവരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതാകയാല്, സമ്മേളനത്തിന്റെ വകയായി പൊഖരണ് പരീക്ഷണത്തില്‍ അഭിനന്ദനം അറിയിക്കുന്ന സന്ദേശം പ്രധാനമന്ത്രിക്ക് അയച്ചു.
വരാന്‍ പോകുന്ന രാഷ്ട്രീയ പരിതസ്ഥിതിയില്‍ ജനസംഘം എന്തൊക്കെ നയപരിപാടികളും പുനരവലോകനം ചെയ്യണമെന്ന് അവിടെ ചര്‍ച്ച ചെയ്തു. ഇതേ രീതിയിലുള്ള പ്രവര്‍ത്തക സംഗമങ്ങള്‍ മറ്റു ക്ഷേത്രങ്ങളിലും നടത്തിയശേഷം കുറേക്കൂടി വിപുലമായ ഒരു പ്രവര്‍ത്തക ശിബിരം വേണമെന്ന് പിന്നീട് തീരുമാനിക്കപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കുശേഷം ഹൈദരാബാദിനടത്തുള്ള ഹുസൈന് സനറിന്റെ കരയ്ക്ക് ആ പരിപാടിയും നടന്നു.
ബെംഗളൂരിലെ പരിപാടിക്കിടെ ഒരു സായാഹ്നത്തില്‍ അക്കാലത്ത് വൈറ്റ് ഫീല്‍ഡില്‍ താമസിച്ചിരുന്ന ഭഗവാന് സത്യസായി ബാബയെ ദര്‍ശിക്കാനും അവസരം ലഭിച്ചു. അവിടെ കോളജില്‍ നടന്ന ഒരു ചടങ്ങില്‍ ബാബാ അനുഗ്രഹ പ്രഭാഷണം നടത്തിയശേഷം പുറത്തുകാത്തുനിന്ന ഭക്തജനങ്ങള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. ബാബായുടെ തെലുഗു ഭാഷയിലുള്ള പ്രഭാഷണം ആരോ മനോഹരമായ ഇംഗ്ലീഷില്‍ തത്സമയം വിവര്‍ത്തനം ചെയ്തു.
അടിയന്തരാവസ്ഥയ്ക്കുശേഷം പത്രരംഗത്തു ചുമതല വഹിച്ചുവന്ന സ്വയംസേവകരുടെ ഒരു ബൈഠക് ബെംഗളൂര് കാര്യാലയത്തില്‍ നടത്തപ്പെട്ടു. പ്രാന്തപ്രചാരക് ഭാസ്കര്‍റാവു, ഹരിയേട്ടന്, എം.എ സാര്‍, പി.കെ. സുകുമാരന്‍, രാധാകൃഷ്ണ ഭട്ജി, മാധവജി എന്നിവര്‍ ഒരുമിച്ച് എറണാകുളത്തുനിന്നു തന്നെ ബസ്സില്‍ ആയിരുന്നു യാത്ര.
അന്ന് ജന്മഭൂമി ആരംഭിച്ചതേയുള്ളൂ. മാന: ശേഷാദ്രിജിയായിരുന്നു ബൈഠകിന് നേതൃത്വം വഹിച്ചത്. ദിനപത്രമെന്ന നിലയ്ക്ക് ജന്മഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ വാരികകളുടെ പ്രശ്നങ്ങളാണ് മുഖ്യമായും ചര്‍ച്ചാവിഷയമായത്. അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍ വന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ സവിശേഷതകള്‍ മൂലം സംഘപ്രസിദ്ധീകരണങ്ങള്‍ എന്തുലൈന് കൈക്കൊള്ളണമെന്ന കാര്യമാണ് അവിടെ ചര്‍ച്ച ചെയ്തത്.
മുന്‍ ബെംഗളൂര് യാത്രകളിലൊക്കെ നിറഞ്ഞുനിന്നത് സംഘവും ജനസംഘവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമായിരുന്നു. അതേ അവസരത്തില്‍ തന്നെ എഐഎന്ഇസി എന്ന പത്രാധിപ സംഘടനയുടെ ദക്ഷിണമേഖലാ യോഗം നടക്കുന്നുണ്ടായിരുന്നു. കന്നഡയിലെ വിക്രമ വാരികയുടെ മല്ലയ്യായുമൊത്ത് ആ യോഗത്തില്‍ പങ്കെടുത്തതായിരുന്നു സംഘ ബാഹ്യമായ അന്നത്തെ ഒരു പരിപാടി.
ഇത്തവണയാകട്ടെ, നാഗപൂര്‍ വിജയദശമി പരിപാടിയില്‍ സര്‍സംഘചാലക് മോഹന്‍ജിയുടെ ബൗദ്ധിക്കിന്റെ തത്സമയ സംപ്രേഷണം കണ്ടതൊഴികെ സംഘവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെ അഞ്ചുദിവസം സംഘത്തെ സംബന്ധിച്ചിടത്തോളം റിപ്വാന്‍ വിങ്കിളായി കഴിയേണ്ടതായി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: