ചേര്‍ത്തല: മകന്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്റ്റേഷനിലേക്ക് പോയ എസ്‌ഐയ്‌ക്ക് എതിരെ മന്ത്രി ഡിജിപിക്ക് പരാതി നല്‍കി. ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന് സമീപമായിരുന്നു സംഭവം. മന്ത്രി പി. തിലോത്തമന്റെ മകന്‍ അര്‍ജുന്റെ ബൈക്കിന്റെ താക്കോലാണ് ഊരിയെടുത്തത്.
കോളജില്‍ നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ റോഡ് കടക്കാന്‍ എതിര്‍ദിശയില്‍ നില്‍ക്കുകയായിരുന്ന ഇവരോട് തന്റെ അടുത്തേയ്‌ക്ക് വരാന്‍ എസ്‌ഐ ആവശ്യപ്പെട്ടെങ്കിലും മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നതിനാല്‍ അര്‍ജുന്‍ ചെന്നില്ല. ഇതില്‍ രോഷം പൂണ്ട എസ്‌ഐ ഇവരുടെ സമീപമെത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം വാഹനത്തിന്റെ രേഖകളുമായി എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
താക്കോല്‍ ഉണ്ടങ്കിലേ ബൈക്കില്‍ നിന്ന് രേഖകള്‍ എടുക്കുവാന്‍ കഴിയുയെന്ന് പറഞ്ഞെങ്കിലും ഇത് അവഗണിച്ച് എസ്‌ഐ താക്കോലുമായി പോയത്രേ. പിന്നാലെ അര്‍ജുന്റെ സുഹൃത്ത് എസ്‌ഐയോട് മന്ത്രിയുടെ മകനാണെന്ന് പറഞ്ഞെങ്കിലും ആക്ഷേപിച്ചതായാണ് പരാതി. ഇതേതുടര്‍ന്ന് തിരുവനന്തപുരത്തായിരുന്ന മന്ത്രി ഡിജിപിയെ പരാതി അറിയിച്ചത്.
സംഭവം വിവാദമായതോടെ പിന്നീട് പോലീസുകാര്‍ താക്കോല്‍ അര്‍ജുനന്റെ വീട്ടിലെത്തിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ചേര്‍ത്തല ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി എ.ജി. ലാല്‍ പറഞ്ഞു. എസ്‌ഐയ്‌ക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
















