മാവേലിക്കര: സ്പിരിറ്റുമായി എത്തിയ കാര്‍ തടയാനുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ നീക്കം പരാജയപ്പെട്ടു. എക്‌സൈസിന്റെ ജീപ്പ് ഇടിച്ച് തെറുപ്പിച്ച് കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരന്‍ രക്ഷപെട്ടു. കാര്‍ത്തികപ്പള്ളി കീരിക്കാട് ചെറുവള്ളി പടീറ്റതില്‍ മനോജാണ് തന്റെ വാഹനം തടഞ്ഞ എക്സൈസ് ജീപ്പ് ഇടിച്ച് മാറ്റി രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കുറത്തികാട് വച്ചായിരുന്നു സംഭവം. മനോജ് കാറില്‍ സ്പിരിറ്റുമായി കുറത്തികാട് ഭാഗത്തേക്ക് വരുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മാവേലിക്കര എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.മഹേഷും പാര്‍ട്ടിയും കുറത്തികാട് എത്തി.
മനോജ് വന്ന കെഎല്‍ 29 എച്ച് 1717 ഹ്യൂണ്ടയ് ക്രെറ്റ കാര്‍ എക്‌സൈസ് ജീപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ വേഗത്തില്‍ വാഹനം മുന്നോട്ടെടുത്ത് മനോജ് എക്സൈസ് വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.
ഇടിയുടെ ശക്തിയില്‍ ജീപ്പിന്റെ മുന്‍ഭാഗത്തെ ബംബര്‍ ഒടിഞ്ഞു. മനോജിന്റെ വാഹനത്തിന്റെ ഭാഗങ്ങളും തകര്‍ന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശം കേന്ദ്രീകരിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.
മുന്‍പ് കുറത്തികാട് ഭാഗത്ത് വച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ളവരെ ക്രൂരമായി മര്‍ദിച്ചിരുന്നു. കുറത്തികാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.മഹേഷ് അറിയിച്ചു
















