ആലപ്പുഴ: വൈവിദ്ധ്യവല്‍ക്കരിച്ച കയര്‍ ഉല്‍പന്നങ്ങളില്‍ തറയില്‍ വിരിക്കുന്ന റബ്ബറൈസ്ഡ് കയര്‍ ടൈല്‍ മാറ്റുകള്‍ക്ക് പ്രിയമേറുന്നു. രണ്ടേകാല്‍ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സമചതുരാകൃതിയിലുള്ള കയര്‍ തടുക്കുകളാണിത്. സംസ്ഥാന കയര്‍ കോര്‍പ്പറേഷനും കയര്‍ ഫെഡും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഉല്‍പന്നങ്ങളിലൊന്നായി ഇതു മാറിക്കഴിഞ്ഞു. കയര്‍ കേരളയോടനുബന്ധിച്ച വിവിധ സ്റ്റാളുകളില്‍ റബറൈസ്ഡ് കയര്‍ മാറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തറയില്‍ ഒട്ടിക്കേണ്ടതില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരസ്പരം ചേര്‍ന്ന് തറയില്‍ ഉറച്ചുകിടക്കുന്നതും ആവശ്യമുള്ളപ്പോള്‍ വളരെപ്പെട്ടെന്ന് എടുത്തുമാറ്റാവുന്നവയുമാണ് ഇവ. ഒരു മാറ്റിന് 184 രൂപയാണ് കയര്‍ കോര്‍പ്പറേഷന്‍ ഈടാക്കുന്ന വില.
















