പത്തനംതിട്ട: ചെങ്ങറ ഭൂസമരം ഡിഎച്ച്ആര്എമ്മിനൊപ്പംഎസ്ഡിപിഐയും പിടിമുറുക്കുന്നതായി സൂചന. ഭൂമിസമരം 10 വര്‍ഷം പിന്നിടുമ്പോളാണ് ഏറെ നിര്‍ണ്ണായകമായ ഈനിലപാടുമാറ്റം എന്നതും ശ്രദ്ധേയം. സമരത്തിന്റെ തുടക്കക്കാരായ സാധുജന വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ ഇന്നലെ പത്തനംതിട്ടതില് നടന്ന പ്രകടനത്തിലാണ് ഇവരുടെ സാന്നിധ്യം സജീവമായത്.
ഡിഎച്ച്ആര്‍എം, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊടികളുമേന്തി പ്രകടനത്തില്‍ ഏറെ പങ്കെടുത്തത്. ഇടതു സര്‍ക്കാരിനും സിപിഎമ്മിനും എതിരായി പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിയത്. ചെങ്ങറ സമരത്തിന്റെ തുടക്കംമുതല്‍ എതിര്‍ത്തിരുന്ന സിപിഎം അടുത്തകാലത്തായി സമരക്കാരില്‍ ഭിന്നതയുണ്ടാക്കി ഒരുവിഭാഗത്തെ ഒപ്പംകൂട്ടാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുള്ള താക്കീതായാണ് ഇന്നലെ പ്രകടനവും യോഗവും സംഘടിപ്പിച്ചത്. എന്നാല്‍ തീവ്രവാദസ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുടെ ഇടപെടല്‍ പൊതുസമൂഹത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.
2007 ആഗസ്റ്റ് 4ന് രാത്രി സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിലാണ് ഹാരിസണ്‍ പ്ലാന്റേഷന്റെ ചെങ്ങറ തോട്ടത്തിലെ കുറുംപെറ്റിഡിവിഷനില് കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചത്. ആയിരത്തോളം കുടുംബങ്ങളാണ് അന്ന് സമരഭൂമിയില്‍ ഉണ്ടായിരുന്നത്.
ഏതാനും ദിവസത്തിനു ശേഷം സമരം അതുമ്പുംകുളം ഭാഗത്തേക്ക് മാറ്റുകയായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ളാഹഗോപാലന് ഒരുവര്‍ഷം മുന്‍പ് സമരഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെയാണ് സിപിഎം ഇവിടെ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയത്. ഇത് സംഘര്‍ഷത്തിനും പോലീസിന്റെ ഇടപെടലിനും സാഹചര്യം ഉണ്ടാക്കി. ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലിക പരിഹാരം ഉണ്ടായത്.
എന്നാല്‍ ഈസാഹചര്യം മുതലെടുക്കാനാണ് ഈ സംഘടനകളുടെ നീക്കം. സമരത്തിന്റെ തുടക്കം മുതല്‍ സജീവമായിരുന്ന എസ്യുസിഐ അടക്കമുള്ളവര്‍ ളാഹഗോപാലന് നേതൃത്വം ഒഴിഞ്ഞതോടെ സമരത്തില്‍ കാര്യമായി ഇടപെടാതെയുമായി. സാധുജന വിമോചന സംയുക്ത വേദിയുടെ സെക്രട്ടറി ആയിരുന്ന സെലീന പ്രക്കാനമാണ് ഇപ്പോള്‍ ഡിഎച്ച്ആര്‍എമ്മിനെ നയിക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ ഭൂസമരം വരുതിയില്‍ ആക്കാനാണ് ശ്രമം നടത്തുന്നതെന്ന് പൊതുസമൂഹം ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: