കഴക്കൂട്ടം: തകര്‍ന്ന കഴക്കൂട്ടം- വെട്ടുറോഡ് ദേശീയപാതയുടെ ടാറിംഗ് പുനഃരാരംഭിച്ചു. മംഗലപുരം മുതല്‍ കരമനവരെയുള്ള പാതയുടെ റീടാറിംഗ് അടക്കമുള്ള അറ്റകുറ്റപണികള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന് അസി.കമ്മീഷണര്‍ എ.പ്രമോദ്കുമാര്‍ പരാതി നല്‍കി. തുടര്‍ന്ന് കരാറുകാരനായ റിവൈവ് കമ്പനിയുടമ കിളിമാനൂര്‍ സ്വദേശി നാസറുദ്ദീന്റെ പേരില്‍ പോലീസ് കേസെടുത്തു. ഇതോടെ രാത്രി തന്നെ അറ്റകുറ്റ പണികള്‍ ആരംഭിക്കുകയും പോലീസ് സ്‌റ്റേഷന്റെ മുന്‍വശമടക്കുള്ള ഭാഗത്ത് റീടാറിംഗ് ആരംഭിക്കുകയും കൂടുതല്‍ തൊഴിലാളികളെ റോഡ് പണിക്കായി നിയോഗിക്കുകയും ചെയ്തു. പണി എത്രയും വേഗം പൂര്‍ത്തിയാക്കി കേസില്‍ നിന്ന് ഊരാനുള്ള ശ്രമം കരാറുകാരന്‍ നടത്തുന്നതായി ആക്ഷേപമുണ്ട്. 10 ന് മുമ്പ് പണി പൂര്‍ത്തിക്കരിക്കണമെന്ന് മന്ത്രി അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.
















