തിരുവനന്തപുരം: നവംബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന വെട്ടുകാട് പള്ളി പെരുന്നാളിന് വിപുലമായ മുന്നൊരുക്കങ്ങള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനം.
പെരുന്നാളിനുണ്ടാകുന്ന തിരക്ക് കൂടി കണക്കിലെടുത്ത് ശംഖുമുഖം മുതല്‍ വേളി വരെയുള്ള ഭാഗത്തെ റോഡിന് വീതി കൂട്ടണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉേദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണത്തിന് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ പൈപ്പ് ലൈനുകളിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും.പ്രധാന തിരുനാള്‍ ദിനങ്ങളായ നവംബര്‍ 24,25,26 തീയതികളില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനവും വെട്ടുകാട് ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
തീരത്ത് ആളുകള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കും.അനധികൃത മദ്യവില്‍പ്പന തടയുന്നതിനും, മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുന്നതിനുമായി പോലീസും എക്‌സൈസും സംയുക്തപരിശോധന നടത്തും.കൂടുതല്‍ സര്‍വീസുകള്‍ പെരുന്നാള്‍ ദിവസങ്ങളില്‍ വെട്ടുകാടേക്ക് കെഎസ്ആര്‍ടിസി നടത്തും. കൊടിയേറ്റ്, തിരുന്നാള്‍ ദിനങ്ങളില്‍ എല്ലാ ട്രെയിനുകള്‍ക്കും കൊച്ചുവേളി, പേട്ട സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി, സിറ്റിപോലീസ് കമ്മീഷണര്‍ പി.പ്രകാശ്, ഇടവക വികാരി ഡോ.ടി.നിക്കോളാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
















