കാക്കനാട്: വനിതാക്ഷേമ ഫണ്ട് വിനിയോഗിച്ച് മാലിന്യം നീക്കാന്‍ ഓട്ടോറിക്ഷകള്‍ വാങ്ങിയ തൃക്കാക്കര നഗരസഭ അധികൃതര്‍ വെട്ടിലായി. ഓട്ടോറിക്ഷകള്‍ ഓടിക്കാന്‍ വനിതാ ഡ്രൈവര്‍മാരെ കിട്ടാത്തതിനാല്‍ മൂന്ന് മാസം മുമ്പ് 45 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ എട്ട് ഓട്ടോകള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
പുതിയ ഓട്ടോറിക്ഷകള്‍ നഗരസഭ ഓഫീസിന് മുമ്പിലാണ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷകള്‍ മഴയും വെയിലും കൊണ്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയതോടെ മുനിസിപ്പല്‍ ഓഫീസിന് പിന്നിലെ ഷെഡ്ഡിലേക്ക് മാറ്റി പടുതയിട്ട് മൂടിയിട്ടിരിക്കുകയാണ്. മൂന്ന് ഓട്ടോറിക്ഷകള്‍ ഇപ്പോഴും നഗരസഭാ ഓഫീസിന് മുന്നില്‍ത്തന്നെ കിടക്കുകയാണ്. പുതിയ വാഹനങ്ങളുടെ അടിഭാഗം തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും മാലിന്യം നീക്കാന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വനിത ഡ്രൈവര്‍മാര്‍ ഇല്ലാത്തതാണ് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തടസ്സമായതെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.
നിലവില്‍ കുടുംബശ്രീ വനിതകളാണ് മാലിന്യം നീക്കിക്കൊണ്ടിരിക്കുന്നത്. വനിതാ ക്ഷേമ ഫണ്ട് വിനിയോഗിച്ചത് കാരണം ഗുണഭോക്താക്കളായ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വനിതകളായിരിക്കുമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ ചേര്‍ത്താണ് ഡിപിസിയുടെ അംഗീകാരം വാങ്ങിയത്. ഇതുമൂലം പുരുഷന്മാരെ ഡ്രൈവറായി നിയോഗിക്കാന്‍ പറ്റില്ലെന്ന് നഗരസഭക്ക് ഡിപിസി കര്‍ശന നിര്‍ദേശവും നല്കി. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ ഓട്ടോകള്‍ നിരത്തിലിറക്കാന്‍ കഴിത്ത അവസ്ഥയിലായി. ശുചിത്വ മിഷനുമായി ആലോചിച്ചാണ് നഗരസഭ അധികൃതര്‍ കുടുംബശ്രീയുടെ മറവില്‍ വനിത ക്ഷേമ ഫണ്ട് വകമാറ്റിയത്.
13 പെട്ടി ഓട്ടോറിക്ഷകളിലാണ് നിലവില്‍ നഗരസഭ പ്രദേശത്തെ മാലിന്യം ശേഖരിച്ച് നീക്കുന്നത്. ഇവരില്‍ തന്നെ വാഹനം ഓടിക്കുന്നത് നാലോ അഞ്ചോ വനിതകള്‍ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം പുരുഷ ഡ്രൈവര്‍മാരാണ്. ഓട്ടോറിക്ഷകള്‍ കൂടാതെ വലിയ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാലിന്യം നീക്കാന്‍ വാങ്ങിയത് ജനറല്‍ ഫണ്ട് വിനിയോഗിച്ചാണ്. എന്നാല്‍ വനിതാക്ഷേമ ഫണ്ട് വിനിയോഗിച്ച് പുതിയ ഓട്ടോകള്‍ മാലിന്യം നീക്കാന്‍ വാങ്ങിയത് നഗരസഭാ അധികൃതര്‍ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: