ഗുരുവായൂര്‍: ഭാഗവത സപ്താഹ യജ്ഞത്തിന് ക്ഷേത്ര ഭരണ സമിതി അനുവാദം നല്‍കാത്തതിനാല്‍ ഭക്തജനങ്ങള്‍ ക്ഷേത്രമതില്‍ കെട്ടിനു പുറത്ത് പ്രത്യേകം പന്തലിട്ട് സപ്താഹം നടത്തുന്നു.ഗുരുവായൂര്‍ പേരകം മഹാദേവ ക്ഷേത്ര ഭരണ സമിതിയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരകം മാതൃസമിതി നടത്തുന്ന സപ്താഹ യജ്ഞത്തിന് അനുമതി നിഷേധിച്ചത്.
യജ്ഞം നടത്തുവാന്‍ തീരുമാനമായ ഉടന്‍ തന്നെ ഇതിനുള്ള അനുവാദം ചോദിച്ചു കൊണ്ട് സമിതി അംഗങ്ങള്‍ ഭരണ സമിതിക്കും ക്ഷേത്രം ഊരാളനും കത്ത് നല്‍കിയിരുന്നു. ഊരാളന്‍മാരായ തിരുവല്ല പാലിയേക്കര പുത്തന്‍കോവിലകത്ത് രാജന്‍ തിരുമുല്‍പ്പാടും കുടുംബാംഗങ്ങളും അനുമതി നല്‍കിയിട്ടും സി.പി.എം.ഏരിയ കമ്മിറ്റി നേതാക്കള്‍ നേതൃത്വം നല്‍കുന്ന ക്ഷേത്ര ഭരണ സമിതി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പാണ് ഇപ്പോഴത്തെ ഭരണ സമിതി നിലവില്‍ വന്നത്. അതു വരെ ഭരണ സമിതിയുടെ കാലാവധി ഒരു വര്‍ഷമായിരുന്നത് ഇവര്‍ മൂന്നു വര്‍ഷമാക്കി മാറ്റി ഭരണം നിലനിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് ജനറല്‍ സെക്രട്ടറി ശശി ആനക്കോട്ടില്‍, സംഘടനാ സെക്രട്ടറി സുനില്‍ തിരുവത്ര എന്നിവര്‍ പ്രതിഷേധിച്ചു.ഗണേശോത്സവവുമായി ബന്ധപ്പെട്ട് 18 വര്‍ഷമായി ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന ഗണേശവിഗ്രഹ പ്രതിഷ്ഠ തടയാനും ഈ വര്‍ഷം ഇവര്‍ ശ്രമിച്ചിരുന്നു.
ഊരാളന്മാരുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ശ്രമം ഉപേക്ഷിച്ചു.ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഉറിയടിക്കും അനുമതി നിഷേധിച്ചിരുന്നു. ആചാര്യന്‍ വൈക്കം ചേന്ദമംഗലം വിജയരാഘവന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന യജ്ഞം ശനിയാഴ്ച സമാപിക്കും.
















