അമ്പലപ്പുഴ: അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയുടെ ടാറിങ് ജോലികള്‍ ഈ മാസം 17 ന് ആരംഭിക്കുമെന്ന് കിഫ്ബി ചീഫ് എഞ്ചിനിയര്‍ ബിനു.
പ്രതിമാസ പരിശോധനയുടെ ഭാഗമായി റോഡു നിര്‍മാണം വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലും കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതും റോഡു നിര്‍മാണത്തിന് തടസമായിരിക്കുകയാണ്.
നേരത്തെ തീരുമാനിച്ചതു പോലെ തന്നെ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. പ്രാഥമികമായ ജോലികള്‍ പൂര്‍ത്തിയായ കരുമാടിയില്‍ നിന്നോ അമ്പലപ്പുഴയില്‍ നിന്നോ ടാറിങ് ജോലികള്‍ ആരംഭിക്കാനാണ് തീരുമാനം.
മെയ് ഒന്‍പതിനാണ് ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റി റോഡു നിര്‍മാണ കരാറില്‍ ഒപ്പുവച്ച് നിര്‍മ്മാണം ആരംഭിച്ചത്. പതിനെട്ടു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കരാറില്‍ വ്യവസ്ഥ.
എന്നാല്‍ കരാറില്‍ പറഞ്ഞ തിയതിക്ക് മുന്‍പായി റോഡു നിര്‍മാണം പൂര്‍ത്തിയാക്കാമെന്നും ചീഫ് എഞ്ചിനീയര്‍ ബിനു പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ റോഡാണിത്. 23.56 കി.മി ദൂരത്തില്‍ റോഡു നിര്‍മ്മിക്കാന്‍ 56.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇപ്പോള്‍ റോഡു നിര്‍മാണത്തിന് മുന്നോടിയായുള്ള ഓട നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
















