തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിനുള്ളിലേക്ക് കായികതാരത്തെ ബസില്‍നിന്നും പിടിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്. ഈ മാസം 3 ന് എംജി കോളേജ് വിദ്യാര്‍ത്ഥിയും സംസ്ഥാന തല ബോക്‌സിംഗ് താരവുമായ സജിത്.എസിനു നേരെയാണ് ആക്രമണം നടന്നത്. ബസില്‍ സഞ്ചരിക്കുകയായിരുന്ന സജിത്തിനെ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍വച്ച് ബസില്‍നിന്ന് പിടിച്ചിറക്കി കോളേജുനുള്ളിലേയ്‌ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി എസ്എഫ്‌ഐ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. ശരീരമാസകലം ക്രൂരമായ മര്‍ദ്ദനമേറ്റ് സജിത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ചയെ കാറ്റില്‍ പറത്തിയാണ് എസ്എഫ്‌ഐ ഗുണ്ടാസംഘം അഴിഞ്ഞാടിയത്. ഇത് തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കത്തിന് ഉദാഹരണമാണ്. പ്രതികളുടെ പേരും ഫോട്ടോയും സിസിറ്റിവി ദൃശ്യങ്ങളും പോലീസിന് ലഭ്യമായിട്ടും ഒരു പ്രതിയെപ്പോലും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. തിരുവനന്തപുരം ജില്ലയെ അക്രമത്തിലേയ്‌ക്ക് നയിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കരുതെന്ന് സുരേഷ് ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന സജിത്തിനെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി.നായര്‍, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
















