തിരുവനന്തപുരം: ഇരകള്‍ക്കെതിരെ കേസെടുത്ത് കുറ്റവാളികളെ രക്ഷിക്കാനുള്ള പ്രവണത പോലീസുദേ്യാഗസ്ഥര്‍ക്കിടയില്‍ വ്യാപകമാവുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇരകള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് കോടതിയില്‍ നിന്നു ശിക്ഷ ലഭിക്കാതിരിക്കാനുള്ള പഴുതുകള്‍ വര്‍ധിക്കുമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കൊച്ചിയില്‍ ടാക്‌സി ഡ്രൈവറെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത് ജാമ്യമില്ലാ കുറ്റമാണ്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍റ്റിസിയുടെ സുരക്ഷാ ജീവനക്കാരന്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉറങ്ങികിടന്ന യാത്രകാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സ്വാധീനമുള്ളവര്‍ പോലീസിനെ ദുരുപയോഗം ചെയ്ത് കേസില്‍ നിന്നും രക്ഷപ്പെടുന്ന പതിവ് സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നാരോപിച്ച് ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇരകളെ അവഗണിച്ച് പീഡിപ്പിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പോലീസ് നടപടി വിശദമായി അനേ്വഷിക്കണമെന്ന് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബര്‍ 2 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
















