പേട്ട: അച്ഛനും അമ്മയുമില്ല. അന്തിയുറങ്ങാന്‍ സ്വന്തമായി കിടപ്പാടവുമില്ലാതെ സഹോദരങ്ങള്‍ ദുരാവസ്ഥയില്‍. വയ്യാമൂല കണിയങ്കര ക്ഷേത്രത്തിനു സമീപം പരേതരായ മുരുകന്റേയും സരസ്വതിയുടേയും മക്കളായ രാഖി (22), രാജേഷ് (25) എന്നിവരാണ് ഇത്തരത്തില്‍ ദുരിതക്കയത്തില്‍ മുങ്ങിയിരിക്കുന്നത്.
ഉണ്ടായിരുന്ന വീട് ഇടിഞ്ഞ് തകര്‍ന്നതോടെ പുനര്‍നിര്‍മ്മിക്കാന്‍ ശേഷിയില്ലാതെ ബന്ധു വീട്ടിലാണ് ഇവര്‍ അഭയാര്‍ത്ഥിയായി കഴിയുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃക്കരോഗത്തെ തുടര്‍ന്നാണ് അമ്മ മരിച്ചത്. അച്ഛന്‍ മുരുകനും വൃക്ക രോഗബാധിതനായിരുന്നു. ഡ്രൈവര്‍ ജോലിയില്‍ കൂടി ലഭിച്ചിരുന്ന വരുമാനം കുടുംബ പ്രാരാബ്ദങ്ങള്‍ക്കും ചികിത്സചിലവുകള്‍ക്കും മാറിയതോടെ വീട് നിര്‍മ്മാണം പ്രതിസന്ധിയിലായി. ആറ് വര്‍ഷം മുമ്പ് വീട് തകര്‍ന്നുവീണു. ഇതോടെ സമീപത്തെ ബന്ധു വീട് ഈ കുടുബത്തിന് അന്തിയുറങ്ങാന്‍ തണലായി. എന്നാല്‍ വീട് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും നടപടികള്‍ക്ക് തടസ്സം നേരിടുകയായിരുന്നു. ഇവരുടെ കൈവശമുളള രണ്ട് സെന്റ് ഭൂമി പട്ടയമില്ലാത്ത പുറംമ്പോക്കാണെന്നതാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് തടസ്സമായത്. വിമാനത്താവള വികസന സ്ഥലമെടുപ്പ് സംബന്ധിച്ച് പ്രദേശത്തെ ചുരുക്കം പേര്‍ക്കുളള പട്ടയ വിതരണം റവന്യൂ വകുപ്പ് തടഞ്ഞ് വെച്ചിരിക്കുകയാണ.് ഈ സാഹചര്യത്തില്‍ വീട് നിര്‍മ്മിക്കാനുളള ഇവരുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ഏഴ് മാസം മുമ്പ് മുരുകനും രോഗാവസ്ഥയില്‍ മരിച്ചതോടെ രാഖിയും രാജേഷും അനാഥരായി മാറി. ലോട്ടറി കടയിലെ ജോലിയില്‍ രാഖിക്ക് കിട്ടുന്ന തുശ്ചമായ വരുമാനത്തിലാണ് ഇവരുടെ നിത്യവൃത്തി കഴിയുന്നത്. സഹോദരന്‍ രാജേഷും വൃക്ക രോഗിയാണ്. എതാനും മാസം മുമ്പ് രോഗം മൂര്‍ദ്ധന്യാവസ്ഥയിലായി. സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് രാജേഷ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
















