കാട്ടാക്കട: പൂവച്ചല്‍ പഞ്ചായത്തിന്റേത് ദളിതരെ വേട്ടയാടുന്ന ക്രൂരതയെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു. പട്ടികജാതിക്കാരിയായ അധ്യാപികയുടെ ജോലി നിഷേധിച്ച പൂവച്ചല്‍ പഞ്ചായത്ത് നടപടിയില്‍ പ്രതിക്ഷേധിച്ച് ബിജെപി നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂവച്ചല്‍ പഞ്ചായത്തിലെ പന്നിയോട് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ നിന്ന് പഞ്ചായത്ത് പുറത്താക്കിയ ജയകുമാരി എന്ന ടീച്ചര്‍ക്ക് നീതി നിഷേധിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍, പിറ്റിഎ പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്നാണ് 22 വര്‍ഷമായി താല്‍ക്കാലിക അധ്യാപികയായി തുടരുന്ന ജയകുമാരിയെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്. ജോലി നഷ്ടമാകുമെന്നറിഞ്ഞ് ബോധരഹിതയായ അധ്യാപിക ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലാണ്. പ്രശ്‌നം വിവാദമായതോടെ പഞ്ചായത്ത് അധികൃതരെ സംരക്ഷിക്കാന്‍ പ്രധാനാദ്ധ്യാപികയുടെമേല്‍ കുറ്റം ആരോപിക്കുകയാണെന്നും മുക്കംപാലമൂട് ബിജു കൂട്ടിച്ചേര്‍ത്തു. ഈ നീതി നിഷേധം ദേശീയ പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് പറഞ്ഞു.
ബിജെപി പൂവച്ചല്‍, വീരണകാവ് മേഖല കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ബിജെപി വീരണകാവ് മേഖല പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍, പൂവച്ചല്‍ മേഖല പ്രസിഡന്റ് ലാലു, അഭിലാഷ്, ജയകുമാര്‍, ദീപു, മണികണ്ഠന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
















