നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭയുടെ നേതൃത്വത്തില്‍ നെയ്യാര്‍ വരമൊഴിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സമ്മേളനത്തിന്റെ ഭാഗമായ സദ്ഭാവന ജ്വാല പ്രകാശനം ശ്രദ്ധേയമായി.
സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു അധ്യക്ഷനായി. നെയ്യാര്‍ വരമൊഴിയുടെ ലോഗോ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. ചലച്ചിത്ര കലാസംവിധായകന്‍ മാര്‍ത്താണ്ഡം രാജശേഖരന്‍ നെയ്യാര്‍ വരമൊഴി ഉദ്ഘാടനം ചെയ്തു. ഡോ.ബിജു ബാലകൃഷ്ണന്‍ കാവ്യാര്‍ച്ചന നടത്തി. സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ എണ്ണഛായാചിത്രം വരച്ച ആര്‍ട്ടിസ്റ്റ് കെ.മണികണ്ഠന് നഗരസഭയുടെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ സമ്മാനിച്ചു.
ബിജെപി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബുരാജ് കൃഷ്ണ, കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍, ഗീത, വിജയന്‍, സുരേന്ദ്രന്‍, സിപിഎം ഏര്യാ സെക്രട്ടറി പി.കെ.രാജ്‌മോഹന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.അവനീന്ദ്രകുമാര്‍, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീവ്, ബിജെപി മണ്ഡലം പ്രസിഡന്റ് ജി. സുരേഷ് തമ്പി, ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി അംഗം കൊടങ്ങാവിള വിജയകുമാര്‍, നെയ്യാര്‍ വരമൊഴി ജനറല്‍ സെക്രട്ടറി അജയന്‍ അരുവിപ്പുറം, ഗിരീഷ് പരുത്തിമഠം, പ്രസിഡന്റ് ഹരി ചാരുത, കെ.എസ്.വിജയകുമാര്‍ സംസാരിച്ചു. വിജയന്‍, സി.വി സുരേഷ്, ആര്‍.വി.അജയഘോഷ്, എം. രാജ്‌മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷാജി വെണ്‍കുളം തെര്‍മോക്കോളില്‍ ഒരുക്കിയ ഗാന്ധിചിത്രങ്ങളുടെ പ്രദര്‍ശനം പരിപാടിക്ക് മാറ്റു കൂട്ടി.
















