കാക്കനാട്: കെബിപിഎസ് റിട്ട.ജീവനക്കാര്‍ക്ക് പെന്ഷന് കിട്ടാന്‍ മുട്ടാത്ത വാതിലുകളും നടത്താത്ത സമരങ്ങളുമില്ല. 2011 ഏപ്രില്‍ മുതല്‍ കെബിപിഎസില്‍ നിന്ന് വിരമിച്ച 110 ജീവനക്കാരാണ് ജീവിത സായാഹ്നത്തിലും തുച്ഛമായ പെന്ഷന് പോലും കിട്ടാതെ ദുരിതത്തിലായത്.
വിരമിച്ചവരില്‍ ചിലര്‍ ഇതിനോടകം മരിച്ചു. ജീവിച്ചിരിക്കുന്നവരില്‍ ചിലര്‍ കാന്‍സര്‍, വൃക്ക രോഗികളുമാണ്. പി.എഫ് നല്കുന്ന തുച്ഛമായ 1000 രൂപ പെന്ഷന് മാത്രമാണ് തൊഴിലാളികള്‍ക്ക് ആശ്വാസം. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ രണ്ട് അനുകൂല ഉത്തരവുകളും തുടര്‍ന്ന് കോടതി ഉത്തരവുണ്ടായിട്ടും കെബിപിഎസ് മാനേജ്മെന്റിന് വിരമിച്ചവരോട് അനുകൂല നിലപാടില്ല.
കെബിപിഎസ് സിഎംഡി ടോമിന് തച്ചങ്കരിയുടെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തിയതില്‍ പ്രകോപിതനായ അദ്ദേഹം ഒരു പൈസ പോലും കൊടുക്കില്ലെന്ന് പറഞ്ഞെന്നാണ് വിരമിച്ച തൊഴിലാളികളുടെ ആരോപണം. 2016 ഒക്ടോബറിലാണ് സിഎംഡിയുടെ വീട്ടുപടിക്കല്‍ സമരം സംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നവംബറില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെബിപിഎസ്സിലെ പെന്ഷന് സംബന്ധിച്ച് പഠിച്ച് തീരുമാനിക്കാന്‍ കമീഷനെ നിയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഒമ്പത് മാസം കഴിഞ്ഞിട്ടും കമീഷനെ പോലും നിയോഗിച്ചില്ല.
2011 മെയില്‍ അന്നത്തെ ഇടത്സര്ക്കാരാണ് കെബി പിഎസ് തൊഴിലാളികള്‍ക്ക് പെന്ഷന് നല്കാന് തീരുമാനിച്ചത്. എന്നാല്‍ മന്ത്രിസഭാ തീരുമാനം നടപ്പിലായില്ല. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ 2013ല്‍ മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് പുനഃപരിശോധിക്കുകയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഉത്തരവ് നടപ്പിലാക്കാന്‍ മാനേജ്മെന്റ് വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് വിരമിച്ച തൊഴിലാളികള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നിന്ന് 2013 ജൂലൈയില്‍ അനുകൂല ഉത്തരവു നേടിയിട്ടും പെന്ഷന് കിട്ടിയില്ല. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്ത കെബി പിഎസ് മാനേജ്മെന്റ് ഇപ്പോഴും കോടതിയലക്ഷ്യ നടപടി നേരിടുകയാണ്. പെന്ഷന് പദ്ധതി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് 2016 സപ്തംബറിലെ ഓണക്കാലത്ത് കെബിപിഎസ് കവാടത്തില്‍ പട്ടിണി സമരം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാദേശിക സിപിഎം നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം നടത്തിയില്ല. ഈ വര്‍ഷം 50 കോടി ലാഭം നേടിയ കെബിപിഎസ് മാനേജ്മെന്റ് കേവലം നൂറ് തൊഴിലാളികളുടെ പെന്ഷന് കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: